കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന ജനപ്രതിനിധി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം തീരദേശമേഖലകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കും. അവിടങ്ങളില്‍ ജാഗ്രതാ ബോധവത്ക്കരണം സംഘടിപ്പിക്കും. റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം ഉറപ്പ് വരുത്തും. പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മാലിന്യനിര്‍മാജനം കാര്യക്ഷമമാക്കും. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തരുതെന്നും കലക്ടര്‍ പറഞ്ഞു. ജാഗ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നാട് അപകടം നേരിടുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. 20 വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണിലാണ്. നിയന്ത്രണങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്ന് അദേഹം പറഞ്ഞു. യോഗത്തില്‍ എം.എല്‍.എ മാരായ ഡോ.എം.കെ മുനീര്‍, എ പ്രദീപ്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.