നഗരപരിധിയിലെ ട്രാഫിക് നിയമലംഘനം ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി നിരത്തിലിറങ്ങിയിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. ജനങ്ങളുടെയും സമൂഹമാധ്യമത്തിന്‍റേയും സഹായത്തോടെ നിയമലംഘനം കണ്ടെത്തി ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
'6238488686' എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് നിരത്തിൽ കാണുന്ന ട്രാഫിക് നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് പരാതിയെന്ന രൂപേണ പൊലീസിനെ അറിയിക്കാൻ സാധിക്കുക. ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കൽ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യൽ, മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കൽ, നോ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തിയിടൽ തുടങ്ങി എല്ലാ ട്രാഫിക് നിയമലംഘനങ്ങളും പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം.
വാഹനത്തിന്‍റെ നമ്പർ, നിയമലംഘനം നടക്കുന്ന സ്ഥലം എന്നിവ സഹിതം ഒരു ഫോട്ടോയോ വീഡിയോയോ പകർത്തി പൊലീസിന്‍റെ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ മാത്രം മതി. പരാതിയിൽ നടപടിയുണ്ടാകുമെന്നാണ് പൊലീസ് ഉറപ്പുനൽകുന്നത്. പരാതി നൽകുന്നയാളുടെ പേരുവിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചു.
നിയമലംഘനം വാട്സ്ആപ്പ് വഴി പരാതിയായി നൽകുന്നത് ട്രെൻഡ് ആയി മാറിയാൽ തീർച്ചയായും ട്രാഫിക് നിയമലംഘനം കുറയുമെന്നാണ് യുവാക്കളുടെ വാദം. തങ്ങൾ ക്യാമറ നിരീക്ഷണത്തിലാണെന്ന തോന്നൽ ഉള്ളിടത്തോളം കാലം പരസ്യമായി നിയമം ലംഘിക്കാൻ ആരും തയ്യാറാവില്ലെന്ന് പൊലീസ് പറയുന്നു.