കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി കർഷക നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സിഐടിയു. കോഴിക്കോട് സിഐടിയു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നാല് ലേബർ കോഡുകളും റദ്ദ് ചെയ്യുക, മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിഐടിയു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സിഐടിയു ജില്ല സെക്രട്ടറി പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്‌തു.
സിഐടിയു അഖിലേന്ത്യ സെക്രട്ടിയേറ്റ് ചേർന്ന പ്രത്യേക യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. ശക്തമായ സമര രീതികളുമായി മുന്നോട്ട് പോകാനാണ് സിഐടിയുവിൻ്റെ തീരുമാനം. സി.നാസർ അധ്യക്ഷനായി. കെ.ഷീബ, പി.എ ചന്ദ്രശേഖരൻ, പി.കെ.പ്രമോദ് എന്നിവർ സംസാരിച്ചു.