കോഴിക്കോട്: ഓഗസ്റ്റ് 15ഓടെ തീരുന്നതല്ല മലബാറി സ്വാതന്ത്ര്യ സമരപോരാട്ടത്തിന്‍റെ ഓർമകൾ. ഓഗസ്റ്റ് വിപ്ലവത്തിൻ്റെ ഓർമ പുതുക്കാൻ ചേമഞ്ചേരിക്കാർ ഒത്തുചേരുന്നു. ഈ മാസം 19ന് വൈകിട്ട് അഞ്ച് മണിക്ക് ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് ഒത്തുചേരൽ.
സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പുനർനിർമ്മിച്ച റെയിൽവേ സ്റ്റേഷനിൽ ഏതാനും ലോക്കൽ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. സ്റ്റേഷൻ നടത്തിപ്പിന് കരാറുകാരെ കിട്ടാത്തത് കൊണ്ട് സ്റ്റേഷൻ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.
കാട് മൂടി അടഞ്ഞു കിടക്കുന്ന ദേശീയ പോരാട്ടത്തിന്‍റെ സ്‌മാരകം ചരിത്ര സ്‌മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാനും വിപുലീകരിക്കാനുമാണ് നാട്ടുകൂട്ടായ്‌മ ഒത്തുചേരുന്നത്. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ തീവണ്ടികൾ നിർത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വാതന്ത്ര്യസമര സ്‌മാരകം എന്ന നിലയിൽ അംഗീകാരവും പരിഗണനയും നൽകി ഇതിനെ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഒരു തിരുശേഷിപ്പായി നിലനിർത്തുക എന്നീ ആവശ്യങ്ങളാണ് ബഹുജന കൂട്ടായ്‌മ സർക്കാരിന് മുന്നില്‍ നിരത്തുന്നത്.