കോഴിക്കോട് : മൃതദേഹം ദഹിപ്പിക്കാൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വാതക ശ്‌മശാനം അടച്ചുപൂട്ടി. 'വിശ്രാന്തി' എന്ന പേരിൽ 2020 ഓഗസ്‌റ്റ് 26ന് ഉദ്ഘാടനം ചെയ്‌ത് 2021ൽ പ്രവർത്തനം ആരംഭിച്ച ശ്‌മശാനമാണ് നിത്യവിശ്രമത്തിലേക്ക് കടന്നത്. നടത്തിപ്പിന് ആളില്ല എന്ന കാരണത്താലാണ് അടച്ചുപൂട്ടൽ.
കരാറുകാര്‍ മാറി, സ്ഥിതി മാറിയില്ല : സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റിയാണ് ആദ്യ വർഷം കരാർ ഏറ്റെടുത്തിരുന്നത്. 4500 രൂപയ്‌ക്കാണ് പഞ്ചായത്തിൽ നിന്ന് ഇതിനായി അനുമതി നേടിയെടുത്തത്. പഞ്ചായത്ത് പരിധിയിലുള്ള മൃതദേഹം ദഹിപ്പിക്കാന്‍ 3500 രൂപയും പുറത്ത് നിന്നുള്ളതിന് 4000 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. ഒരു മൃതദേഹം ദഹിപ്പിക്കാൻ രണ്ട് സിലിണ്ടർ ഗ്യാസാണ് ചെലവാകുക. 750 രൂപയായിരുന്നു ഒരു സിലിണ്ടറിൻ്റെ വില. കൊവിഡ് ബാധിച്ച് മരിച്ചതടക്കം 162 മൃതദേഹങ്ങൾ ഈ കാലയളവിൽ സംസ്‌കരിച്ചു.
കരാർ കലാവധി പൂർത്തിയായതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള രാഹുൽ ബ്രിഗേഡ് പ്രവർത്തകർ ഇത് ഏറ്റെടുത്തു. 25,500 രൂപ പഞ്ചായത്തിന് നൽകിയാണ് ഇവര്‍ കരാർ ഒപ്പിട്ടത്. എന്നാൽ ഗ്യാസിൻ്റെ വില അടിക്കടി വർധിച്ച് സിലിണ്ടറിന് 2150 ലെത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് പുറമെ കടലോരത്ത് സ്ഥിതി ചെയ്യുന്ന ശ്‌മശാനത്തിൻ്റെ അറ്റകുറ്റ പണികൾ നടത്താൻ പഞ്ചായത്ത് തയ്യാറാവാത്തതും തിരിച്ചടിയായി.
കോപ്പർ കമ്പിക്ക് പകരം എർത്ത് ലൈനിട്ട ഇരുമ്പ് കമ്പി ഉപ്പിലലിഞ്ഞ് ദ്രവിച്ച് തീർന്നു. ജനറേറ്റർ കത്തിപ്പോയതോടെ അധികച്ചെലവ് വീണ്ടും ബാധിച്ചു. തീച്ചൂളയുടെ ഭിത്തികൾ തകർന്നതോടെ ഗ്യാസിൻ്റെ പാഴ്‌ച്ചെലവും കൂടി. ഗത്യന്തരമില്ലാതായതോടെ നടത്തിപ്പുകാരൻ പരിപാടി നിർത്തി ഗെയിറ്റ് പൂട്ടി.
പരിഹാരം അകലെ : എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട്, ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ എല്ലാം സ്വരൂപിച്ച് ഒന്നര കോടിയിലേറെ രൂപ ചെലവഴിച്ചാണ് ശ്‌മശാനം പണിതുയർത്തിയത്. ഈ പ്രദേശത്തോ നഗരസഭ പരിധിയിലോ മറ്റ് ശ്‌മശാനങ്ങൾ ഇല്ലാത്തതുകൊണ്ട് ജനങ്ങൾക്ക് 'വിശ്രാന്തി' ആശ്രയമായിരുന്നു. വടകര മുതൽ എലത്തൂർ വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർ ഈ ശ്‌മശാനത്തെ ആശ്രയിച്ചിരുന്നു.
പഞ്ചായത്ത് അധികൃതർക്ക് ഇതിൻ്റെ രേഖകൾ പോലും എവിടെയാണെന്ന് അറിയില്ല. സ്ഥലം എംഎൽഎക്ക് ഈ അവസ്ഥ അറിയുമോ എന്നും അറിയില്ല. വിവാഹമായിരുന്നെങ്കിൽ അത് ഓഡിറ്റോറിയത്തിലേക്കെങ്കിലും മാറ്റാം, എന്നാൽ മൃതദേഹം ദഹിപ്പിക്കാൻ സൗകര്യമില്ലാത്തവർ എങ്ങോട്ട് പോകും.
Also read: വിവാഹനിശ്ചയ ചടങ്ങ് പാതിവഴിയിൽ നിർത്തി യുവാവ് ശ്‌മശാനത്തിലേക്ക്
പയ്യാമ്പലത്തെ ശാന്തി തീരം : അടുത്തിടെയാണ് കണ്ണൂർ പയ്യാമ്പലത്ത് വാതക ശ്‌മശാനം യാഥാർഥ്യമായത്. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ സഹകരണത്തോടെ ഒന്നേ കാൽകോടി രൂപ ചെലവിട്ട് കണ്ണൂർ കോർപറേഷനായിരുന്നു ശ്‌മശാനത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂർണമായും വാതകത്തിൽ പ്രവർത്തിക്കുന്ന ശ്‌മശാനത്തിന് ശാന്തി തീരമെന്നായിരുന്നു പേരിട്ടിരുന്നത്. കെ സുധാകരൻ എംപിയായിരുന്നു ശ്‌മശാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. ശാന്തി തീരത്ത് ഒരേ സമയം രണ്ട് മൃതദേഹങ്ങൾ വരെ സംസ്‌കരിക്കാം. മാത്രമല്ല 75 മിനിട്ടിനകം ഒരു മൃതദേഹം സംസ്‌കരിക്കാനും സാധിക്കും.