കോഴിക്കോട്: വീട്ടിൽ വെള്ളം കയറിയതിനാല്‍ ആധാരവും സർട്ടിഫിക്കറ്റുകളും നശിച്ചെന്ന് കരുതി വിഷമിക്കുന്നവർക്ക് സഹായഹസ്‌തം നീട്ടുകയാണ് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൈതൃക പഠന കേന്ദ്രം. പ്രളയത്തെ തുടർന്ന് ചെളിയും മറ്റുമായി നനഞ്ഞ രേഖകളാണ് പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ഉപയോഗയോഗ്യമാക്കി നൽകുന്നത്. ഇതിനായി കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിൽ രേഖകളുടെ ശാസ്ത്രീയ സംരക്ഷണ ക്യാമ്പ് ആരംഭിച്ചു. പാസ്പോർട്ട് ഒഴികെയുള്ള രേഖകളാണ് ക്യാമ്പിൽ സ്വീകരിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ രേഖകൾ പൂർവ സ്ഥിതിയിലാക്കുന്നതിനാൽ വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
പ്രളയം കൂടുതലായി ബാധിച്ചത് വടക്കൻ കേരളത്തിലായതിനാലാണ് ക്യാമ്പ് കോഴിക്കോട് സംഘടിപ്പിച്ചതെന്നും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് കാസർകോട് നീലേശ്വരത്തും അടുത്ത ദിവസം ക്യാമ്പ് ആരംഭിക്കുമെന്നും കോ-ഓർഡിനേറ്റർ പി ഈശ്വരൻ അറിയിച്ചു.