മലപ്പുറം: ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയ മുസ്ലീം ലീഗ് എം.പിമാർക്കും എംഎല്‍എമാർക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പരിസരത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 27നാണ് മുസ്ലിം ലീഗ് എംപിമാരും എംഎൽഎമാരും സമരം നടത്തിയത്. ഏപ്രിൽ 22ന് ഡിസിസി പ്രസിഡന്‍റുമാരായ ടി.സിദീഖ്, വി.വി പ്രകാശ് എന്നിവർ ഉപവാസം സമരവും നടത്തിയിരുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് കേസ്. സമരം നടത്തിയ സ്റ്റേഷൻ പരിധി പ്രകാരം കോൺഗ്രസ് നേതാക്കൾക്കെതിരെ കൊണ്ടോട്ടി പൊലീസും മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കരിപ്പൂർ പൊലീസും കേസെടുത്തു. കോൺഗ്രസ് സമരത്തിൽ ഡിസിസി പ്രസിഡന്‍റുമാരായ വി.വി പ്രകാശ്, ടി.സിദ്ദീഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ലീഗ് സമരത്തിനെത്തിയ മൂന്ന് എംപിമാർക്കും 14 എംഎൽഎമാർക്കുമെതിരെയാണ് കേസ്.