കോഴിക്കോട് : ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതി ഉത്തര്‍പ്രദേശില്‍ പിടിയിലായതായി സൂചന. യുപി എടിഎസിന്‍റെയും കേരള പൊലീസിന്‍റെയും സംയുക്ത അന്വേഷണത്തില്‍ ഇയാള്‍ ബുലന്ദ്ഷഹറില്‍ നിന്ന് അറസ്റ്റിലായതായാണ് വിവരം. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അന്വേഷണത്തിനായി കേരള പൊലീസിന്‍റെയും റെയില്‍വേ പൊലീസിന്‍റെയും സംഘങ്ങള്‍ നേരത്തെ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചിരുന്നു.
കേരള പൊലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി ആക്രമണം ഉണ്ടായ ട്രെയിന്‍ കംപാര്‍ട്ട്മെന്‍റുകളില്‍ പരിശോധന നടത്തിയിരുന്നു. നേരത്തെ ആര്‍പിഎഫ് ഐജി ടിഎം ഈശ്വരറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘവും ബോഗികള്‍ പരിശോധിച്ചിരുന്നു.
നോയിഡ സ്വദേശി ഷഹറൂഖ് സെയ്‌ഫിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നേരത്തെ നല്‍കിയ സൂചന. ഈ മാസം ഒന്നാം തീയതി മുതൽ ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഫരീദാബാദിൽ നിന്നാണ് ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. ഫാറൂഖ് എന്ന പേരിലാണ് ഇയാൾ സിം എടുത്തിട്ടുള്ളതെന്നും പൊലീസിന് വിവരം ലഭിച്ചു. നേരത്തെ രാജ്യത്തിൻ്റെ പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്‌തതായും പൊലീസിന് വിവരമുണ്ട്.
ഞായറാഴ്‌ചയാണ് അജ്ഞാതന്‍ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിലേക്ക് പെട്രോൾ തളിച്ചശേഷം തീക്കൊളുത്തിയത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റു. ട്രെയിനിൽ തീ പടർന്നതോടെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
ഇതോടെ അക്രമി ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (2), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അക്രമിക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.യാത്രക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയത്. ഈ രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായി മുമ്പ് സൂചനകൾ ലഭിച്ചിരുന്നു. മറ്റൊരു പേരിലാണ് അവിടെ എത്തിയതെന്നും കാലിന് മരുന്ന് വച്ച ശേഷം അഡ്‌മിറ്റ് ആവാൻ കൂട്ടാക്കാതെ പോകുകയും ചെയ്‌തു എന്നാണ് ഡോക്‌ടറുടെ മൊഴി.
സിസിടിവി ദൃശ്യങ്ങളുടെയും ട്രെയിനിൽ നിന്നും മറ്റും ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലും പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.