കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരെ നടപടി. ഇരുവരേയും സ്ഥലം മാറ്റി. ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
ചീഫ് നഴ്‌സിങ് ഓഫിസറെ തിരുവനന്തപുരത്തേക്കും നഴ്‌സിങ് സൂപ്രണ്ടിനെ കോന്നി മെഡിക്കൽ കോളജിലേക്കുമാണ് സ്ഥലം മാറ്റിയത്. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. വിശദീകരണം പോലും ചോദിക്കാതെയാണ് ഇരുവര്‍ക്കുമെതിരെ സ്ഥലം മാറ്റല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചീഫ് നഴ്‌സിങ് ഓഫിസർ ഏപ്രിലിലും നഴ്‌സിങ് സൂപ്രണ്ട് മെയ് മാസത്തിലും വിരമിക്കാനിരിക്കെയാണ് നടപടി. ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 5 പേരെ ആശുപത്രിയിൽ നിന്നും നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇവരുടെ പേരുകൾ ആരാണ് പറഞ്ഞുകൊടുത്തതെന്നാണ് ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം മെഡിക്കൽ കോളജിലെത്തിയപ്പോൾ ബന്ധപ്പെട്ടവരോടെല്ലാം ചോദിച്ചത്.
യൂണിയൻ പ്രവർത്തകരായ അഞ്ച് പേരെയും സ്ഥലംമാറ്റിയതിന്‍റെ പകപോക്കലായാണ് ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരായ നടപടി എന്നാണ് ആരോപണം.ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയ്‌ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്.
ഇതിന് ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞ് തിരികെവന്ന് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് കാര്യം യുവതി പറയുകയായിരുന്നു.
തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്‌തു.
Also Read : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് : ആശുപത്രിക്ക് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്ട്
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഒരു നഴ്‌സിങ് അസിസ്റ്റൻഡ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവർക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.