കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍റെ അനാസ്ഥയില്‍ വലഞ്ഞ് വാടിയിലെ ജനങ്ങള്‍. മാലിന്യം നീക്കം ചെയ്യാനും റോഡ് നവീകരിക്കാനും തെരുവ് വിളക്കുകൾ സ്ഥാപിക്കാനും കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. വലിയങ്ങാടിയിൽ നിന്ന് ഇടുങ്ങിയ വഴിയിലൂടെയാണ് വാടിയിലേക്ക് പോകേണ്ടത്. ധാരാളം ലോറികള്‍ ഈ വഴി പോകുന്നതിനാലാല്‍ റോഡിനരികിലെ കെട്ടിടങ്ങള്‍ക്ക് ധാരാളമായി കേടുപാടുകള്‍ സംഭവിടച്ചിട്ടുണ്ട്. ഇതിന് പുറമെ ഇവിടെയുള്ള തൃക്കോവില് റോഡിൽ പലയിടത്തായി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ആനന്ദ്ജി കല്യാൺജി ജൈന ക്ഷേത്രത്തിന് സമീപത്ത് പോലും മാലിന്യം തള്ളിയിട്ടുണ്ട്. പുറത്തുനിന്നുള്ളവർ രാത്രിയിൽ മാലിന്യം ഇവിടെ കൊണ്ടുവന്നു തള്ളുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യം നീക്കം ചെയ്യുന്നതില്‍ കോര്‍പ്പറേഷന്‍ ഇടപെടില്ല ആയതിനാല്‍ തന്നെ മാലിന്യം കൂടുമ്പോൾ ഇവിടെ വെച്ച് തന്നെ കത്തിക്കുകയാണ് പതിവ്. ഇടുങ്ങിയ റോഡിൻറെ മുക്കാൽഭാഗവും മാലിന്യം കൊണ്ട് നിറഞ്ഞിട്ടുണ്ട്. മഴക്കാലമായതിനാൽ മാലിന്യം കത്തിക്കാൻ സാധിക്കില്ല. മാലിന്യം നീക്കം ചെയ്യാൻ കോർപ്പറേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. കൂടാതെ വാടി മേഖലയിലെ ഇരുപതോളം തെരുവുവിളക്കുകൾ കത്തിയിട്ട് മാസങ്ങളായി. പരാതിയുമായി കോർപ്പറേഷനിൽ ചെന്നപ്പോൾ ഫണ്ട് ഇല്ല എന്നാണ് മറുപടി ലഭിച്ചത് ഇവർ പറയുന്നു.
ഇരുട്ടിൻറെ മറവിൽ ലഹരിമരുന്നു സംഘങ്ങൾ പ്രദേശത്ത് സജീവമാകുന്നതിന്‍റെ ആശങ്കയും നാട്ടുകാർക്കുണ്ട്. റോഡിൻറെ ഇരുവശവും ഉള്ള ഓവുചാൽ മഴപെയ്താൽ നിറഞ്ഞു റോഡിലേക്ക് ഒഴുകും. പലയിടത്തും ഓവുചാലിനു സ്ലാബുകൾ ഇല്ല. ഇവ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. വാടി യിലേക്കുള്ള റോഡുകളും പലയിടത്തും തകർന്നു തുടങ്ങിയിട്ടുണ്ട്. 30 വർഷം മുമ്പാണ് ഈ റോഡിന് അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. പരാതിയുമായി ചെന്നാലും ഒരു നടപടിയും എടുക്കാത്തതെയുള്ള കോർപ്പറേഷന്‍റെ അനങ്ങാപ്പാറ നയം നാട്ടുകാരെ ദുരിതത്തിൽ ആക്കുകയാണ്.