കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനം ദയനീയവസ്ഥയിൽ. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്മശാന തൊഴിലാളികൾ ബുദ്ധിമുട്ടുമ്പോളും ആവശ്യമായ നടപടി സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് കോർപ്പറേഷൻ അധികൃതർ.
ശവ സംസ്കാരത്തിന് എത്തുന്നവർക്ക് അത്യാവശ്യമായ ശൗചാലയം ,കുളിമുറി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. ഒരു കിണർ ഉളളതിൽശുദ്ധജലം അല്ലാത്തതിനാൽ അത് കുടിക്കാനായി ഉപയോഗിക്കാറില്ല. ശ്മശാനത്തിൽ ലൈറ്റ് ഇല്ലാത്തതിനാൽരാത്രിയിൽ മൃതദേഹം കൊണ്ടുവന്നാൽ ഹെഡ് ലൈറ്റോ മൊബൈൽ ലൈറ്റോ ഉപയോഗിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. മൃതദേഹം സംസ്കരിക്കുന്നതിൽ നിന്നുള്ള മലിനമായ പുക തടയാനായി 4 ഷട്ടറുകൾ ഉള്ള മുറികളാണുളളത് എന്നാൽഅതിലൊന്ന് നശിച്ചിട്ട് കാലങ്ങളായി. മൂന്ന്മൃതദേഹം മാത്രമേ ഇതിനുള്ളിൽ സംസ്കരിക്കാൻ സാധിക്കുകയുള്ളൂ. ഇതുകൂടാതെ വേറെ മൃതദേഹം കൊണ്ടുവന്നാൽ ദഹിപ്പിക്കുന്നത് പുറത്തുള്ള സ്ഥലത്തു നിന്നാണ്. ഇതിൽ നിന്നു വരുന്ന മലിനമായ പുക തൊഴിലാളികൾ മാത്രമല്ല നഗരത്തിലെ ജനങ്ങൾ കൂടിയാണ് ശ്വസിക്കുന്നത്. കോർപ്പറേഷനോട് ഇതിനുള്ള ഒരു ഉപാധി കണ്ടെത്തണമെന്ന് പറഞ്ഞെങ്കിലും നാളിതുവരെയായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാൽ ബാക്കിവരുന്ന അവശിഷ്ടങ്ങൾ എടുത്തു മാറ്റാനും സൗകര്യമില്ലാത്തതിനാൽ പുറത്തുതന്നെ കൂട്ടി ഇടുകയാണ്. കഴിഞ്ഞ മഴയത്ത് ശ്മശാനം മുഴുവൻ വെള്ളത്തിനടിയിൽ ആയതിനാൽ മൃതദേഹം സംസ്കരിക്കുന്ന സ്ഥലം മണ്ണിട്ടു ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിരപ്പായ സ്ഥലത്ത് ആണ് ശവം സംസ്കരിക്കുന്നത് ഇത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.