കോഴിക്കോട്:വ്യാഴാഴ്‌ച രാത്രി നാദാപുരത്തെ ഉമ്മത്തൂരിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഉമ്മത്തൂര്‍ പുളിക്കൂല്‍ പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പരിശോധന നടത്തി. കണ്‍ട്രോള്‍ റൂം സി.ഐ സുശീറിന്‍റെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് സംഘമാണ് പരിശോധന നടത്തിയത്.
ഉമ്മത്തൂര്‍ പുഴയോട് ചേര്‍ന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. അതിന്‍റെ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പൊലീസ് നായ മണംപിടിച്ച് ഓടിയെങ്കിലും അവിടെ നിന്നും സ്‌ഫോടക വസ്‌തുകളോ ആയുധങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വളയം പൊലീസ് പറഞ്ഞു.
ബോംബ് നിര്‍മിച്ച് പരീക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടാവാറുണ്ടെന്നും നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.