കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്‍റെ മകൻ അമലിന്‍റെ (22) മൃതദേഹമാണ് തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഞായറാഴ്‌ചയാണ് അഞ്ചംഗ സംഘം വയനാട്ടിലേക്ക് വിനോദയാത്രയ്‌ക്കായി പുറപ്പെട്ടത്. യാത്രയ്‌ക്കിടെ തുഷാരഗിരിയില്‍ ഇറങ്ങുകയായിരുന്നു.
മലയോര മേഖലയില്‍ മഴ ശക്തമായതോടെ തുഷാരഗിരി വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന ചാലി പുഴയില്‍ ഒഴുക്കിന്‍റെ ശക്തി വര്‍ധിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതിന് പഞ്ചായത്തും, വനം വകുപ്പും, പൊലീസും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച യുവാക്കള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങി.
ഇതിനിടെ അമല്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അപകടത്തില്‍പെടുകയായിരുന്നു. ഒരാളെ കൂടെയുള്ളവരും കെ.എസ്.ഇ.ബി താത്‌കാലിക ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും അമലിനെ കാണാതായി. ഇതോടെ പൊലീസും, ഫയർഫോഴ്‌സും, സന്നദ്ധപ്രവർത്തകരും ചേര്‍ന്ന് അമലിനായി തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്ന് (18.07.2022) രാവിലെ വീണ്ടും വിദഗ്‌ധ സംഘം എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ 12.30 ഓടെ മൃതദേഹം കണ്ടെത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
നിരന്തരം അപകടം സംഭവിക്കുന്ന വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ക്ക് കാരണം സന്ദര്‍ശകരുടെ അശ്രദ്ധയാണെന്നാണ് പഞ്ചായത്ത് അധികൃതരുടേയും നാട്ടുകാരുടെയും ആക്ഷേപം. ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലിന്‍റോ ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.