കോഴിക്കോട്: ഷോർട്ട് ഫിലിമിൽ അഭിനയിക്കാനായി എത്തിച്ച കുഞ്ഞന്‍ പെരുമ്പാമ്പ് കൗതുകമാകുന്നു. സാന്റോ എന്ന ഷോർട്ട് ഫിലിമിനു വേണ്ടി കോഴിക്കോട് സ്വദേശികളായ സുഭിക്ഷയും ഭർത്താവ് എബി എൽഡ്രോസും ചേര്‍ന്ന് സ്വന്തമാക്കിയ പെരുമ്പാമ്പാണ് നാട്ടിലെ താരമായത്. വളര്‍ത്തു ജീവികളെ വില്‍പ്പന നടത്തുന്ന കോഴിക്കോട് സ്വദേശി അതുലില്‍ നിന്നാണ് കുഞ്ഞന്‍ പാമ്പിനെ ഇവര്‍ വാങ്ങിയത്. പിന്നാലെ പാമ്പിനെ വളര്‍ത്താന്‍ ആവശ്യമായ ലൈസന്‍സും ഇവര്‍ സ്വന്തമാക്കി.
കുതിര പ്രധാന കഥാപാത്രമായ ഷോർട്ട് ഫിലിമിലെ മറ്റൊരു അഭിനേതാവാണ് ബോ എന്ന് പേരിട്ട ഈ കുഞ്ഞന്‍ പാമ്പ്. ബോയോടൊപ്പം നിരവധി മൃഗങ്ങളെയും ഇഴ ജന്തുക്കളേയും പക്ഷികളേയും ഇവര്‍ കോഴിക്കോട് എത്തിച്ചിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയും കൊവിഡും കാരണം ഫിലിം നിര്‍മാണം മുടങ്ങി. ഇതോടെ ഫിലിം നിര്‍മാണത്തിന് എത്തിച്ച ജന്തുക്കളെ തിരിച്ചയച്ചു. എന്നാല്‍ കൂട്ടത്തില്‍ ഏറെ പ്രിയപ്പട്ട ബോയെ വിട്ടയക്കാന്‍ സുഭിക്ഷയ്ക്കും എബിക്കും തോന്നിയില്ല.
ഇതോടെ ബോ കുടുംബത്തിലെ അംഗമായി മാറി. ആഫ്രിക്കന്‍ വംശജനായ ബോ കണ്‍സ്ട്രിക്ടര്‍ ഇനത്തില്‍ പെട്ട പെരുമ്പാമ്പാണ്. ഡല്‍ഹിയില്‍ നിന്നാണ് അതുല്‍ ബോയെ സ്വന്തമാക്കി കോഴിക്കോട് എത്തിച്ചത്. പരസ്യ ഫിലിം മേഖലയിലാണ് സുഭിക്ഷ പ്രവർത്തിക്കുന്നത്. ഭര്‍ത്താവിനൊപ്പം പറമ്പില്‍ ബസാറിലാണ് താമസം.
ബോ വളരെ ശാന്തനാണെന്ന് സുഭിക്ഷ പറയുന്നു. ആരെയും ഉപദ്രവിക്കില്ല. ഭക്ഷണം കഴിഞ്ഞാൽ വിശ്രമം വേണം. അല്ലെങ്കിൽ വിഴുങ്ങിയ ഇര പുറത്തുവരും. ചുണ്ടെലി പോലുള്ള ചെറിയ ജീവികളാണ് ആഹാരം. ഭക്ഷണം കൃത്യസമയത്ത് കിട്ടിയില്ലെങ്കിൽ രോഷം കൊള്ളുമെന്നും ഇവര്‍ പറയുന്നു. രണ്ട് അടി നീളമുള്ള പാമ്പിന് മാര്‍ക്കറ്റില്‍ 70000 മുതല്‍ 80000 വരെയാണ് വില. ബോയെ കുറിച്ച് അറിഞ്ഞ് കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി നിരവധി പേരാണ് പറമ്പില്‍ ബസാറിലെ വീട്ടിലെത്തുന്നതെന്നും ഇവര്‍ പറയുന്നു.
Also Read: കോട്ടൂരില്‍ ആനകള്‍ക്കായി ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി