കോഴിക്കോട്: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നു എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബിജെപിയാണെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്‌ദുള്ളക്കുട്ടി. എന്നാൽ അതിനെ മതവിരുദ്ധമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നും ഇപ്പോൾ സിപിഎം അംഗീകരിക്കാൻ തയാറായി എന്നത് നല്ല കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് ആരോപണത്തെ തുടർന്ന് വലിയ കോലാഹലമാണുണ്ടാക്കിയത്. യഥാർഥത്തിൽ കേരളത്തിന് ഭീഷണിയായി ചില തീവ്രവാദ ഗ്രൂപ്പുകൾ നിലനിൽക്കുന്നുണ്ട്. അത്തരം ഗ്രൂപ്പുകളെ എതിർക്കുമ്പോൾ അത് മുസ്ലീങ്ങൾക്കെതിരാണെന്നുള്ള വാദം പറഞ്ഞ് ന്യായീകരിക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതാണ് യഥാർഥത്തിൽ മുസ്ലീം സമുദായത്തിനെതിരായ പ്രവർത്തനമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
ALSO READ: ക്യാമ്പസ് തീവ്രവാദം; സിപിഎം തെളിവ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്