കോഴിക്കോട്: പൗരത്വ നിയമ വിഷയത്തില്‍ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ ഒട്ടും അമാന്തിക്കാതെ എതിര്‍ത്തത് ഇടതുമുന്നണിയാണ്. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കാന്‍ ജനങ്ങളെ സഹായിക്കാമെന്നാണ് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പറയുന്നത്. ഇത് ബിജെപിയും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുമുന്നണിയും സര്‍ക്കാറും ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്നെല്ലാം സംഘപരിവാര്‍ തിട്ടൂരം നല്‍കുന്ന രാജ്യത്ത് അതിനെതിരെ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് ജയിച്ച എംഎല്‍എയും അന്ന് അവിടെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടുകെട്ടിനെതിരെ നല്ല ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു.
ദുരന്തത്തില്‍ ഒപ്പം നിന്ന സര്‍ക്കാരാണിത്, കൊവിഡ് കാലത്ത് ഇന്ത്യയില്‍ 21 ശതമാനം ആളുകള്‍ ആദ്യമായി പട്ടിണി അറിഞ്ഞു. എന്നാല്‍ കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വന്നില്ല.സൗജന്യ റേഷനും കിറ്റ് വിതരണവും കുറേനാളായി നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമല്ല അത്.എന്നാല്‍ പ്രതിപക്ഷ നേതാവ് അതിനെയെല്ലാം എതിര്‍ക്കാനും മുടക്കാനും ശ്രമിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ മുടക്കാനും അദ്ദേഹം ശ്രമിക്കുന്നു. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തി നവകേരളം സൃഷ്ടിക്കാന്‍ വീണ്ടും എല്‍ഡിഎഫ് ഭരണം വരണം. അതിന് വടകര താലൂക്കിലെ മൂന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.