കോഴിക്കോട് : മുൻകൂട്ടി കാര്യങ്ങൾ അറിഞ്ഞിട്ടും വിഴിഞ്ഞത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസിന്‍റെ തീവ്രത കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഒരാഴ്ചയായി വ്യാപകമായ അക്രമണങ്ങൾ നടന്നിട്ടും എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഒത്താശ സമരക്കാർക്ക് ലഭിച്ചു.
സർക്കാരിൽ ഇരുന്നുകൊണ്ട് മന്ത്രിമാർ സമരത്തെ അനുകൂലിക്കുന്നു. ആന്‍റണി രാജു നേരിട്ട് സമരക്കാരെ പിന്തുണയ്ക്കുന്നു. അദ്ദേഹവും കുടുംബവും സമരത്തിന് പിന്നിൽ മാസങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും ഹൈക്കോടതി ഉത്തരവിന് പുല്ലുവില മാത്രമാണ് നല്‍കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിഴിഞ്ഞത്തേത് സർക്കാർ സ്പോൺസേർഡ് സമരമാണെന്ന് ആരോപിച്ച അദ്ദേഹം ഇത് തുറമുഖ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും കൂട്ടിച്ചേര്‍ത്തു.
കൂടംകുളം സമരസംഘത്തിന് വിഴിഞ്ഞത്ത് എന്താണ് കാര്യം. ഹൈക്കോടതി ആവർത്തിച്ചുപറഞ്ഞിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല. എന്നാല്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മുൻകൈ എടുത്ത് സമരം അവസാനിപ്പിക്കണം.
സ്ഥാപിത താല്പര്യങ്ങളാണ് സമരത്തിന് പിന്നില്‍. അതിന്‍റെ മറവിൽ പ്രദേശവാസികളെ ആക്രമിക്കുന്നത് നിർത്തണം. സംസ്ഥാന വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.