കോഴിക്കോട്: വെസ്റ്റ് കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളും നടപടികൾ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും പ്രസിഡന്‍റ് സി.സി.അബ്‌ദുല്ല പറഞ്ഞു.
പഞ്ചായത്തിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കോഴി കടകളും അടച്ച് പൂട്ടാനും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള കോഴി കടകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായും തഹസിൽദാർ പി. ശുഭൻ പറഞ്ഞു. വെസ്റ്റ് കൊടിയത്തൂരിലെ പുതിയോട്ടിൽ എഗ്ഗർ ഫാമിലെ രണ്ടായിരത്തോളം കോഴികളിലാണ് രോഗം സംശയിക്കുന്നത്. ഫാമിലെ 1900 കോഴികൾ കഴിഞ്ഞ ശനിയാഴ്ചയോടെ ചത്തതായി കണ്ടെത്തിയ സാഹചര്യത്തിൽ കടയുടമ ആരോഗ്യ വകുപ്പിനെയും മൃഗസംരക്ഷണവകുപ്പിനേയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂരിലെ ലാബ് പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സംശയം തോന്നിയതിനെ തുടർന്ന് വിദഗ്‌ധ പരിശോധനക്കായി മുംബൈയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം ശനിയാഴ്‌ച വൈകുന്നേരത്തോടെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.