കോഴിക്കോട് : ബേപ്പൂർ മത്സ്യബന്ധന തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താന്‍ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് മുന്നോടിയായി മന്ത്രി പിഎ മുഹമ്മദ് റിയാസ് ബേപ്പൂർ തുറമുഖം സന്ദർശിച്ചു.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. മലബാറിലെ തന്നെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്. സ്ഥലം എംഎൽഎയും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലവിൽ ഇവിടെയുള്ള തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാകും പദ്ധതിക്ക് രൂപം നൽകുക.
'വേണം ചരക്കുനീക്കത്തിന് പാർക്കിങ് നവീകരണം' : തുറമുഖ മത്സ്യബന്ധന വകുപ്പുകളുടെ സഹകരണത്തോടെയാണ് ബേപ്പൂർ തുറമുഖം നവീകരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര വികസനം സാധ്യമാക്കുമെന്നും അതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മത്സ്യബന്ധന തുറമുഖത്തിന്‍റെ പോരായ്‌മകൾ തൊഴിലാളികൾ മന്ത്രിയെ ധരിപ്പിച്ചു.
ഒരു കിലോമീറ്റർ ദൂരമെങ്കിലും തുറമുഖത്തിന്‍റെ നീളം വർധിപ്പിക്കണം. വലിയ യാനങ്ങൾ അടുക്കാനായി അടിത്തട്ടിലെ പാറകൾ പൊട്ടിച്ചെടുക്കണം. ചരക്കുനീക്കം സുഗമമാക്കാൻ പാർക്കിങ് ഉൾപ്പടെ നവീകരിക്കണമെന്നും തൊഴിലാളികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. നാഷണൽ സെൻ്റർ ഫോർ കോസ്റ്റ് റിസോഴ്‌സ് ഡയറക്‌ടര്‍ രമണ മൂർത്തിയും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.