കോഴിക്കോട്: വവ്വാലുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകൾ ചത്തത്. കാരമൂല സുബുലുൽ ഹുദാ മദ്രസയുടെ മുൻപിലെ മരത്തിലെ വവ്വാലുകളാണ് ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്.
കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നാട്ടുകാർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചത്. തുടർന്ന് തിരുവമ്പാടി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ രജിത ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥലം പരിശോധിക്കുകയും സാമ്പിൾ എടുത്ത് പരിശോധനക്കായി ജില്ലാ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്.
അതിനാൽ സാമ്പിളുകൾ സ്വീകരിച്ചതിനുശേഷം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി. നേരത്തെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. ദേശാടനപ്പക്ഷികളിലൂടെയാണ് കൊടിയത്തൂരിൽ അടക്കം പക്ഷിപ്പനി പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും നിഗമനം.