കോഴിക്കോട്: വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മുന്നിൽ സ്റ്റോപ് ബോർഡുമായി ഓട്ടോ തൊഴിലാളികൾ. നഗരത്തിൽ സർവീസ് നടത്തുന്നതിനുള്ള സിസി പെർമിറ്റ് ഇലക്‌ട്രിക്ക് ഓട്ടോയ്ക്കും പെര്‍മിറ്റ് നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് ഓട്ടോ തൊഴിലാളികൾ രംഗത്തെത്തിയത്. നിലവിൽ സിസി പെർമിറ്റുള്ള 4337 ഓട്ടോറിക്ഷകൾക്ക് മാത്രമാണ് നഗരത്തിൽ സർവീസ് നടത്താൻ അനുമതിയുള്ളത്.
ഇവർക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിന് വരെ കണക്കുണ്ട്. എന്നാൽ സിസി പെർമിറ്റ് ഇല്ലാതെ ഓട്ടോ ഓടി തുടങ്ങിയാൽ ഏത് ഓട്ടോയ്ക്കും എവിടെ നിന്ന് വേണമെങ്കിലും സർവിസ് നടത്താമെന്ന സ്ഥിതി വരുമെന്നും ഇത് നഗരത്തിലെ മൊത്തം ഓട്ടോ തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുമെന്നും തൊഴിലാളികൾ പറയുന്നു. ഇലക്‌ട്രിക്ക് ഓട്ടോകൾ നഗരത്തിൽ വരുന്നതിന് തങ്ങൾ എതിരല്ലെന്നും സർവിസ് നടത്തുന്നതിന് കൃത്യമായ മാർഗരേഖ മാത്രമാണ് തങ്ങൾ ആവിശ്യപ്പെടുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.