കോഴിക്കോട് : അതിരപ്പിള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആറ് വയസുള്ള കുട്ടി മരിച്ചത് ഏറെ വേദന ഉണ്ടാക്കുന്ന സംഭവമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഉപരോധം നടത്തുന്നവരുടെ ആവശ്യം ന്യായമാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകും. ഉടനെ തന്നെ തുക കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ നിന്നും മറ്റുള്ളവർക്ക് ബുദ്ധിമുണ്ടാക്കുന്ന റോഡ് ഉപരോധത്തിൽ നിന്നും ആളുകൾ പിന്മാറണം.
കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയിൽ മാറ്റമില്ല. പ്രതിഷേധക്കാർ ആവശ്യപ്പെടുന്ന 25 ലക്ഷം രൂപ നൽകാൻ കഴിയില്ല.
Also Read: കാട്ടാന ആക്രമിച്ച് അഞ്ച് വയസുകാരിയുടെ മരണം: റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം
നഷ്ടപരിഹാരം നൽകുന്ന തുകയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എടുത്ത തീരുമാനമാണത്. നിലവിലുള്ള വ്യവസ്ഥാപിതമായ ആശ്വാസ നടപടിയാണിത്.
മൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരമായി ശാസ്ത്രീയ മാർഗങ്ങൾ കണ്ടത്തേണ്ടതുണ്ട്. അപകട ഭീഷണിയുണ്ടെങ്കില്‍ ജനങ്ങളെ കൃത്യസമയം വിവരം അറിയിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. ചിന്നക്കനാൽ വിഷയത്തിൽ ഒരു കുടുംബത്തേയും അതിക്രമിച്ച് ഒഴിപ്പിക്കില്ല.
ചിന്നക്കനാലിൽ ആദിവാസി വിഭാഗങ്ങളെ ഒഴിപ്പിക്കുന്നത് അവരുടെ സമ്മത പ്രകാരം മാത്രമായിരിക്കും. ഒഴിപ്പിക്കുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.