കോഴിക്കോട്: കൃഷി വകുപ്പിന്‍റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയിലൂടെ ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്‌കാരം നേടി കൂടരഞ്ഞി സ്വദേശി അഷ്‌റഫ് കപ്പോടത്ത്. പത്തു സെന്‍റോളം വരുന്ന പുരയിടത്തിലും, മുറ്റത്തും, വീടിന്‍റെ ടെറസിലും വരെ കൃഷി നടത്തിയതിലൂടെയാണ് അഷ്‌റഫിന് പുരസ്‌കാരം സ്വന്തമായത്. കൂടരഞ്ഞിയിലെ മെറീഡിയൻ കേബിൾ വിഷൻ ഉടമയായ അഷ്‌റഫ് കാർഷിക പരീക്ഷണങ്ങൾ തുടങ്ങിയിട്ട് പതിനാറ് വർഷത്തോളമായി.
അഷ്‌റഫിന്‍റെ പിതാവും കൃഷിക്കാരനായിരുന്നു. അതുകൊണ്ടു തന്നെ ബാല്യകാലം മുതൽ അഷ്റഫിന് കൃഷി ഒരാവേശമായി കൂടെയുണ്ടായിരുന്നു. മട്ടുപ്പാവിലും, വീട്ടുമുറ്റത്തും അക്വാപോണിക്‌സ്, മഴമറകൃഷി, ഓട്ടോമാറ്റിക് തിരിനന കൃഷി, തുള്ളി നന കൃഷി എന്നിവയെല്ലാം അഷ്‌റഫ് വിജയിപ്പിച്ചെടുത്ത കാർഷിക പരീക്ഷണങ്ങളാണ്. വൈവിധ്യങ്ങളായ നിരവധി ഇനം പച്ചക്കറികളാണ് അഷ്‌റഫിന്‍റെ പുരയിടത്തിൽ നിറഞ്ഞുനിൽക്കുന്നത്. ജൈവ കാർഷിക രീതി അവലംബിക്കുന്ന അഷ്‌റഫ് വീട്ടിൽ ബയോ-ഗ്യാസ് സംവിധാനവും ഏറെ മുമ്പേ ഒരുക്കിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തോടൊപ്പം വീട്ടിലേക്കാവശ്യമായ ഗ്യാസ് ലഭിക്കുന്നതിന് പുറമെ, ഇതിൽ നിന്ന് ലഭിക്കുന്ന സ്ലറി കൃഷിക്ക് വളമായും ഉപയോഗിക്കുന്നുണ്ട്. ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും അഷ്‌റഫ് കൃഷി പരിപാലനത്തിനായി മാറ്റിവയ്‌ക്കാറുണ്ട്. അധ്വാനത്തിന് മണ്ണിൽ നിന്ന് മികച്ച വിളവ് ലഭിക്കുമ്പോഴുണ്ടാവുന്ന മാനസിക സംതൃപ്‌തിക്കൊപ്പം ഇരട്ടി മധുരമാവുകയാണ് അഷ്റഫിന് മികച്ച കർഷകനുള്ള പുരസ്‌കാരം ലഭിച്ചത്.