കോഴിക്കോട്: നഗരമധ്യത്തിൽ തലയുയർത്തി നിന്ന അശോക ആശുപത്രി ഓർമയാകുന്നു. 92 വർഷം പഴക്കമുള്ള പഴമയുടെ സൗന്ദര്യത്തിന് ഇനി എണ്ണപ്പെട്ട നാളുകൾ മാത്രം. പ്രസവ ചികിത്സയ്‌ക്ക് പേരുകേട്ട ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള ഭാഗം വെള്ളിമാട്‌കുന്ന് മാനാഞ്ചിറ റോഡ് വികസനത്തിൻ്റെ ഭാഗമായാണ് പൊളിച്ച് മാറ്റുന്നത്.
പുതിയ കെട്ടിടം പണിയാൻ സ്ഥലപരിമിതികൾ ഉണ്ടെന്നും നിലവിലെ സാഹചര്യത്തിൽ പൂർണമായും കെട്ടിടം പൊളിച്ച് പുതിയ ഒരു ആശുപത്രി പണിയുക എന്നത് പ്രയാസമാണെന്നും ആശുപത്രി ഡയറക്‌ടർ ഡോക്‌ടർ അശ്വിൻ രാമകൃഷ്‌ണൻ വ്യക്‌തമാക്കി. അതുകൊണ്ട് അശോക എന്ന 'ജനനകേന്ദ്രം' അവസാനിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എണ്ണമറ്റ ജനങ്ങളുടെ ഓർമകളിൽ ജീവൻ്റെ ബന്ധം പകർന്ന അശോകയിൽ ഡിസംബർ 31 വരെ മാത്രമേ രോഗികളെ പ്രവേശിപ്പിക്കുകയുള്ളു. ജനുവരി 15ന് ആശുപത്രി പൂർണമായും അടച്ചു പൂട്ടും. ആശുപത്രി പൊളിച്ചു മാറ്റിയാലും ഇപ്പോഴത്തെ ഡയറക്‌ടർ ഡോ അശ്വിൻ രാമകൃഷ്‌ണൻ നടത്തുന്ന ടിഎംഡി ട്രീറ്റ്‌മെന്‍റ് സെന്‍റർ അതേ കോമ്പൗണ്ടിനുള്ളിൽ തുടരും.
പതിറ്റാണ്ടുകളുടെ പാരമ്പര്യം: 92 വർഷം മുമ്പ് 1930ൽ തൃശൂർ ചാവക്കാട് സ്വദേശി ഡോക്‌ടർ വി ഐ രാമൻ ആണ് അശോക ആശുപത്രി സ്ഥാപിച്ചത്. യൂറോപ്പിലെ വിയന്നയിൽ ആയിരുന്നു വടക്കേ മലബാറിലെ പ്രശസ്‌ത ഗൈനൊക്കോളജിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന്‍റെ ഉന്നത പഠനം. യൂറോപ്യൻ നിർമാണ രീതികളോടുള്ള താൽപര്യം കാരണം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം യൂറോപ്യൻ നിർമാണ രീതിയും കേരളീയ വാസ്‌തു കലയും ചേർത്ത് കോഴിക്കോട് ബാങ്ക് റോഡിൽ അശോക ഹോസ്‌പിറ്റൽ ആൻഡ് നഴ്‌സിങ് ഹോം എന്ന പേരിൽ കെട്ടിടം പണിതത്.
അത്ഭുതമായ വിയന്ന ക്ലോക്ക്: വാച്ചും, ക്ലോക്കും അപൂർവ വസ്‌തുവായിരുന്ന ആ കാലത്ത് നഗരത്തെ സമയം അറിയിക്കാൻ വിയന്നയിൽ നിന്നും ഒരു ക്ലോക്കും കൊണ്ടുവെച്ചു. പന്ത്രണ്ട് മണി ആകുമ്പോൾ 12 തവണ മുഴങ്ങുന്ന ഘടികാരം ആദ്യം കൗതുകം ആയിരുന്നു. പിന്നീടത് നഗരത്തിന്‍റെ ഭാഗമായി. അദ്ദേഹത്തിന്‍റെ താവഴിയിലെ നാലാം തലമുറക്കാരാണ് ഇപ്പോൾ ആശുപത്രിയുടെ നടത്തിപ്പുകാർ.
നാല് തലമുറകൾ: ഡോക്‌ടർ വി ഐ രാമന് പിന്നാലെ മകളുടെ ഭർത്താവ് ഡോ ടി ബാലകൃഷ്‌ണൻ ആയിരുന്നു ആശുപത്രിയുടെ തലപ്പത്ത്. അതിന് പിന്നാലെ അദ്ദേഹത്തിൻ്റെ മകൻ രാമകൃഷ്‌ണൻ ആശുപത്രിയുടെ മൂന്നാം തലമുറക്കാരനായി. അകാലത്തിലുള്ള അദ്ദേഹത്തിൻ്റെ മരണത്തോടെ ഭാര്യ ശൈല രാമകൃഷ്‌ണനിൽ ആശുപത്രിയുടെ ഉത്തരവാദിത്തം വന്നുചേർന്നു.
അവരുടെ മകൻ അശ്വിൻ രാമകൃഷ്‌ണൻ പഠനം പൂർത്തിയാക്കി എത്തിയതോടെ അദ്ദേഹം ആശുപത്രി ഡയറക്‌ടറായി. ഡോക്‌ടർമാരും ജീവനക്കാരുമടക്കം അൻപതോളം പേരാണ് ഇവിടെ ജോലിചെയ്യുന്നത്. 31ന് ആശുപത്രി പ്രവർത്തനം നിർത്തും എന്ന് കാണിച്ച് എല്ലാവർക്കും നോട്ടീസ് കൈമാറി കഴിഞ്ഞു.
ഒരു പൊതു ആവശ്യത്തിന് ആശുപത്രി നിൽക്കുന്ന സ്ഥലം വിട്ടുകൊടുക്കുമ്പോഴും വിങ്ങിപ്പൊട്ടുന്ന മനസുമായാണ് നാലാം തലമുറക്കാർ ഈ പ്രതീകത്തെ നോക്കി കാണുന്നത്. മറക്കാനാവാത്ത അനുഭവങ്ങളോടെ അവർ പടിയിറങ്ങുമ്പോൾ എല്ലാത്തിനും സാക്ഷിയായി മാനം നോക്കി നിന്ന ആ വിയന്ന ഘടികാരവും ഓട്ടം നിർത്തും. ഓർമകളുടെ മുഴക്കം ബാക്കിയാക്കി.