കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. എഴുപത് വർഷം നീണ്ട രാഷ്‌ട്രീയ ജീവിതത്തിനാണ് വിരാമമായത്.
മൂന്ന് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 1980ൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായിരുന്നു. എ.കെ ആന്‍റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്‌തു. എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. യുഡിഎഫിലായിട്ടും മലപ്പുറത്തെ ലീഗിനോട് പടപൊരുതിയ മുട്ടുമടക്കാത്ത നേതാവായിരുന്നു ആര്യാടൻ. കേരള രാഷ്ട്രീയത്തിലെ അപൂർവ വ്യക്തിത്വത്തിനുടമയായ ആര്യാടൻ മുഹമ്മദ് നിലമ്പൂരുകാരുടെ സ്വന്തം 'കുഞ്ഞാക്ക' ആയിരുന്നു.
1935 ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉണ്ണീന്‍-കാദിയമുണ്ണി ദമ്പതികളുടെ മകനായി ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്യാടന്‍ മുഹമ്മദ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1952ല്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പില്‍ എത്തിയ ആര്യാടന്‍ മുഹമ്മദ് 1958 മുതല്‍ കെപിസിസി അംഗമായിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 1977ൽ നിലമ്പൂരില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് വിജയിച്ചു. 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലും വിജയം തുടരാന്‍ ആര്യാടന്‍ മുഹമ്മദിന് സാധിച്ചു.
നിലമ്പൂര്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്. ഈ കൊലപാതക കേസില്‍ നിന്നും ആര്യാടന്‍ മുഹമ്മദിനെ രക്ഷിക്കാന്‍ ഇന്ദിര ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ട്. കേസിലെ ഒന്നാം പ്രതിയായ ആര്യാടന്‍ മുഹമ്മദിന് കേസില്‍ പങ്കുള്ളതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.
ആര്യാടൻ മുഹമ്മദിന്‍റെ മൃതദേഹം കോഴിക്കോട് നിന്നും നിലമ്പൂരിലേക്ക് കൊണ്ടുപോയി. നിലമ്പൂരിൽ നാളെ(26.09.2022) രാവിലെ 9 മണിക്കാണ് ഖബറടക്കം.