കോഴിക്കോട്: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ കീഴിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി അരീപ്പാറയിൽ നാടിനു സമർപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.
സംസ്ഥാന വൈദ്യുതി വകുപ്പിന്‍റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചു കിട്ടിയതാണ് പദ്ധതി. 32 സ്ഥലമുടമകളിൽ നിന്നായി അഞ്ചേക്കർ സ്ഥലമാണ് സിയാൽ ഇതിനായി ഏറ്റെടുത്ത്. ഇരുവഴിഞ്ഞി പുഴയ്‌ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി വെള്ളം സംഭരിച്ച് അര കിലോമീറ്റർ ദൂരെ അരീപ്പാറയിലുള്ള പവർ ഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്.
ALSO READ: വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്നും ഒരു കോടി തട്ടിയ നിർമാതാവ് അറസ്റ്റിൽ
52 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതിയിലൂടെ വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ ഗ്രിഡിലേക്കാണ് നൽകുക.
സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, അരീപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി വെർച്വൽ, റിയാലിറ്റി വഴി നടന്ന ചടങ്ങുകളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി അധ്യക്ഷനായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, റവന്യു വകുപ്പ് മന്ത്രി കെ.രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.