കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ വീണ്ടും കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് വിജയകുമാർ നേരത്തെ മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് ഇയാള്‍ ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്.
ALSO READ | കൂടത്തായി കൊലക്കേസിൽ കൂറുമാറ്റം; ജോളിക്ക് അനുകൂല മൊഴി നൽകി പ്രദേശിക സിപിഎം നേതാവ്
സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ല കമ്മിറ്റി അംഗമാണ് സി വിജയകുമാര്‍. കേസിൽ ഒരു സാക്ഷികൂടി കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ ഭാഗം 155ാം സാക്ഷി സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായ കമ്പളത്ത് പറമ്പുവീട്ടിൽ പ്രവീൺ കുമാറാണ് കൂറുമാറിയത്. നേരത്തേ ലോക്കൽ സെക്രട്ടറിയായിരുന്നു പ്രവീൺ. ഒന്നാം പ്രതിയായ ജോളിക്കും നാലാം പ്രതിയായ മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺകുമാർ മൊഴിമാറ്റിയത്.
പ്രവീൺകുമാർ, മഹസറിലെ സാക്ഷി: ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാർ വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയ സ്ഥലത്തേക്ക് 2019 നവംബർ മാസത്തിൽ ക്രൈം ബ്രാഞ്ച് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഈ സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയായിരുന്നു പ്രവീൺകുമാർ.
ALSO READ | കൂടത്തായി കേസ് : കേന്ദ്ര ഫൊറൻസിക് ലാബ് ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്‌പി കെ ജി സൈമൺ
സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവുണ്ടായ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഫെബ്രുവരി അഞ്ചിന് പുതിയ നീക്കം നടത്തിയിരുന്നു. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹ അവശിഷ്‌ടങ്ങളില്‍ സയനൈഡിന്‍റെയോ മറ്റ് വിഷാംശങ്ങളുടെയോ അംശമില്ലെന്ന ഫൊറൻസിക് പരിശോധനാഫലം പുറത്തുവന്നിരുന്നു. ഇതോടെ, വിദേശരാജ്യങ്ങളിലെ ലാബുകളില്‍ മൃതദേഹാവശിഷ്‌ടങ്ങളുടെ പരിശോധന നടത്താനാണ് പ്രോസിക്യൂഷന്‍ ഫെബ്രുവരി മാസം തീരുമാനിച്ചത്.
പരിശോധിച്ചത് ഹൈദരാബാദിലെ ലാബില്‍ : കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവിന്‍റെ പിതാവ് ടോം തോമസ്, ടോമിന്‍റെ ഭാര്യ അന്നമ്മ, ഇവരുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിലെ പരിശോധനയ്‌ക്ക് ശേഷം ലഭിച്ച ഫലം ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കോടതിയിൽ സമർപ്പിച്ചു.
ALSO READ | മൃതദേഹങ്ങളില്‍ വിഷാംശമില്ലെന്ന ഫലം : കൂടത്തായി കേസില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വിദേശ സഹായം തേടും
അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലര്‍ത്തി നല്‍കിയാണ് കൊന്നത്. മറ്റ് മൂന്നുപേരെ സയനൈഡ് നല്‍കിയും വധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2002ലാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ ആദ്യ കൊലപാതകമാണ് ഇത്. മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയത്. ഇതിന്‍റെ രേഖകളും തെളിവുകളും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നു. മറ്റ് മൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നു.