കോഴിക്കോട്: ജീവിതത്തിലുടനീളം ദുരിതത്തിന്‍റെ കൈപ്പുനീര്‍ കുടിച്ചൊരു യുവതി ചേമഞ്ചേരി അഭയം പാലിയേറ്റീവ് സെൻ്ററിലെത്തുന്നു. അവിടെ വച്ച് തന്നെപ്പോലെ ഭിന്നശേഷിക്കാരിയായ പുഷ്പയെ പരിചപ്പെടുന്നു. ഒരു നാള്‍ പുഷ്പ സാബിറയോട് ഓരാഗ്രഹം പറയുന്നു... എനിക്ക് കടല് കാണണം... പറ്റുമെങ്കില്‍ ഒരു ബിരിയാണിയും കഴിക്കണം. സൂഹൃത്തിന്‍റെ ആഗ്രഹ സാധ്യത്തിനായി തുടങ്ങിയൊരു പ്രേത്നമിന്ന് നൂറ് കണക്കിന് ഭിന്നശേഷിക്കാര്‍ക്ക് അഭയമായ എയ്ഞ്ചൽസ് സ്റ്റാർസ് എന്ന കൂട്ടായ്മയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
തളര്‍ന്നു പോകുമായിരുന്ന ഒരു ജീവിതത്തെ സ്വപ്രേത്നം കൊണ്ട് നിവര്‍ത്തി നിര്‍ത്തിയ ഒന്നര വയസില്‍ പോളിയോ ബാധിച്ച് ശരീരം തളർന്നു പോയ സാബിറ എന്ന യുവതിയുടെ ജീവിത കഥയാണിത്. ഒരു കാലത്ത് ഭിന്നശേഷിക്കാരി എന്ന തോന്നലിൽ ഇരുട്ടുമുറികളെ ആശ്രയിച്ചിരുന്ന സാബിറ. ശാരിരിക തളർച്ചക്കൊപ്പം മാനസികമായ ആഘാതവും കൂടിയായതോടെ ഒന്നും ആകെ തളര്‍ന്നു.
എന്നാൽ ഒരു ദിവസം പുറം ലോകത്ത് കണ്ട കാഴ്ച സാബിറയുടെ ജീവിതം മാറ്റി. അങ്ങിനെ നൂറിലേറെ ഭിന്ന ശേഷിക്കാർക്ക് സാബിറ വഴികാട്ടിയായി. കാപ്പാടായിരുന്നു സാബിറയുടെ ഉമ്മ സുബൈദയുടെ വീട്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലമായ ബാംഗ്ലൂരിലെത്തി. അവിടെ വെച്ചായിരുന്നു സാബിറയുടെ ജനനം.
സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോയിരുന്നു. അതിനിടയിലാണ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനിടെ ബാപ്പ ഉമ്മയെ ഉപേക്ഷിച്ച് പോയത് വലിയ ആഘാതമായി.
മൂത്തതും ഇളയതുമായി രണ്ട് സഹോദരങ്ങൾ കൂടിയുണ്ട് സാബിറയ്ക്ക്. ഈ മക്കളെ എങ്ങിനെ പോറ്റുമെന്നറിയാതെ ആ ഉമ്മ ബാംഗ്ലൂർ നഗരത്തില്‍ പെടാപ്പാടിലായി. സാമ്പത്തിക സ്ഥിതി മോശമായതോടെ ചികിത്സയും മുടങ്ങി. ഒടുവിൽ ഒമ്പത് വയസുള്ള സാബിറയേയും കൂട്ടി ഉമ്മ കൊയിലാണ്ടിക്ക് വണ്ടി കയറി.
സ്കൂള്‍ വിദ്യഭ്യാസം ലഭിച്ചില്ല: വാടക വീടുകള്‍ മാറിമാറിയുള്ള ജീവിതം. അയല്‍പക്കത്തെ കുട്ടികളെല്ലാം സ്‌കൂളിലേക്ക് പോകുമ്പോൾ നിരാശയോടെ നോക്കുമായിരുന്നു. നാട്ടിൽ വീട്ടുജോലിക്ക് പോയി കുടുംബം പോറ്റിയ ഉമ്മ അതേ ജോലി തേടി ദുബായിലേക്ക് പോയി. പിന്നീട് വല്യുമ്മക്കൊപ്പമാണ് സാബിറ വളർന്നത്.
ഉമ്മ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നയാള്‍ സാബിറയുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചു തരുമോ എന്ന് ചോദിച്ചു. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത കുട്ടിയെ വിവാഹം കഴിച്ചാല്‍ അത് ബാധ്യതയാകും എന്ന് പറഞ്ഞിട്ടും അയാൾ പിന്മാറിയില്ല. കഷ്ടപ്പാടില്‍ നിന്ന് ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയിൽ ഉമ്മ വിവാഹത്തിന് സമ്മതിച്ചു.
മറ്റൊരു വിവാഹം കഴിച്ച് ആ ബന്ധം വേര്‍പിരിഞ്ഞു എന്നാണ് അയാൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ആ ബന്ധം പിരിഞ്ഞിരുന്നില്ല എന്ന യാഥാര്‍ഥ്യം സാബിറ തിരിച്ചറിഞ്ഞത്. ഇരുപത്തെട്ട് ദിവസത്തെ ജീവിതത്തിന് ശേഷം ഭർത്താവ് ദുബൈയിലേക്ക് പോയി.
പിന്നീട് കുറേ കാലത്തേക്ക് ഒരു വിവരവുമില്ലായിരുന്നു. ഒരു ദിവസം വിളി വന്നു, സാബിറയേയും ദുബൈയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. അതിനായി പേപ്പറുകൾ എല്ലാം തയ്യാറാക്കി കാത്തിരുന്നെങ്കിലും നടന്നില്ല. നാട്ടിൽ തിരിച്ചെത്തിയ ഭർത്താവ് വീണ്ടും സാബിറയെ തേടിയെത്തിയിരുന്നു.
ജീവിതം എല്ലാം തരത്തിലും ദുസ്സഹമായ ഒരവസ്ഥയിലാണ് ചേമഞ്ചേരി അഭയം പാലിയേറ്റീവ് സെൻ്ററിലെ തൊഴില്‍ പരിശീലന ക്യാമ്പിൽ സാബിറ എത്തുന്നത്. അത് സാബിറയുടെ ജീവിതമാകെ മാറ്റിമറിച്ചു. ഭിന്നശേഷിക്കാരായ പുഷ്പ, അനിഷ, പ്രഭാകരന്‍ എന്നിവരെ പരിചയപ്പെട്ടു. തന്നേക്കാൾ ദുരിതം അനുഭവിക്കുന്നവർ ഈ ലോകത്തുണ്ടെന്ന് മനസിലായതോടെ സാബിറ സ്വയം കരുത്തയായി.
ജീവിതം മാറ്റിയ പുഷ്പ: ഇതിനിടെ പരിചയപ്പെട്ട പുഷ്പ സാബിറയോട് ഒരാഗ്രഹം പറഞ്ഞു. ഞാൻ ഇതുവരെ കടൽ കണ്ടിട്ടില്ല, ഒന്ന് കൊണ്ടു പോകുമോ എന്നും ചോദിച്ചു. പിന്നെ ബിരിയാണി കഴിക്കാനും ഒരാഗ്രഹമുണ്ടെന്ന്... ഒരു ഭിന്നശേഷിക്കാരി മറ്റൊരു ഭിന്നശേഷിക്കാരിയോട് പങ്കുവെച്ച ആഗ്രഹത്തിൽ നിന്ന് ഒരു സംഘടന തന്നെ രൂപം കൊണ്ടു. എയ്ഞ്ചൽസ് സ്റ്റാർസ് ചേമഞ്ചേരി.
സാബിറയുടെ ചേമഞ്ചേരി സ്കൂൾ പരിസരത്തെ വീട്ടിലേക്ക് എത്തിച്ചേരാൾ ഇപ്പോഴും കുണ്ടും കുഴിയും താണ്ടണം. ഇതിനുള്‍പ്പെടെ വളണ്ടിയര്‍മാര്‍ ഇപ്പോള്‍ സഹായത്തിനുണ്ട്. വിവിധ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ അടക്കം പോകുന്നതും വളണ്ടിയര്‍മാര്‍ക്കൊപ്പമാണ്.
ഒരു ജോലിയാണ് സാബിയുടെ അടുത്ത ലക്ഷ്യം. അതിനായി പഠനം ആരംഭിച്ചു. പാലിയേറ്റീവ് നഴ്‌സായ മിനിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ലാല്‍ജിത്തുമാണ് സാബിറയ്ക്ക് പഠനത്തിന്‍റെ വഴി തെളിയിച്ചു കൊടുത്തത്. പഠിക്കാൻ ഏറെ വൈകിപ്പോയെന്ന തോന്നലിൽ നിന്നും നാലിൽ തുടങ്ങി. ഇപ്പോൾ ഡിഗ്രി രണ്ടാം വർഷമെത്തി. എൽഎൽബി നേടിയെടുക്കലാണ് ലക്ഷ്യം. ഒപ്പം ഒരു സർക്കാർ ജോലിയും
സാബിറയാണ് എയ്ഞ്ചൽസ് സ്റ്റാർസിൻ്റെ സെക്രട്ടറി, പ്രഭാകരൻ എളാട്ടേരിയാണ് പ്രസിഡന്‍റ്. കേരളത്തിലുടനീളമുള്ള നൂറിലേറെ ഭിന്നശേഷിക്കാർ ഈ സംഘടനയുടെ ഭാഗമാണ്. വളണ്ടിയർമാരായും നിരവധി പേരുണ്ട്. ബിനേഷ് ചേമഞ്ചേരി, പ്രകാശൻ, മമ്മദ് കോയ, അഖിൽ, ഷോജിലാൽ, മെഷൽ, ഹാമിദ്, ഫർഹാൻ, ഗഫൂർ, ബാബു, മിനി, ഐശ്വര്യ, അഖില, റഷീദ, ബിന്ദു, പാറു, അഞ്ജു, ചിഞ്ചു തുടങ്ങി ഒരുപാട് പേർ.. ഉപദേശക സമിതിയിൽ സത്യനാഥൻ മാടഞ്ചേരി, മധു ബിൽടെക്, ദാവൂദ്, ശോഭിക തുടങ്ങിയവരുമുണ്ട്. സിനിമ, നാടക നടനായ നൗഷാദ് ഇബ്രാഹിമും എയ്ഞ്ചൽസിൻ്റെ സന്തത സഹചാരിയാണ്. സംഘടനയുടെ ജോയ്ന്‍റ് സെക്രട്ടറിയായിരുന്ന അബ്ദുൾ മനാഫ് റോഡപകടത്തിൽ മരണമടഞ്ഞത് സംഘടനയ്ക്ക് വലിയ ആഘാതമായിരുന്നു.
Also Read: ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്