കോഴിക്കോട്: നഗരത്തിൽ വിശന്നുവലയുന്നവർക്കായി ജനമൈത്രി പൊലീസും തെരുവിലെ മക്കൾ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ആരംഭിച്ച അക്ഷയപാത്രം പദ്ധതി വിജയത്തിൽ. അഗതികൾക്ക് ഉച്ചയ്ക്ക് ഒരു നേരത്തെ ആഹാരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഭക്ഷണത്തിനായി യാചിക്കേണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനാണ് തെരുവിലെ മക്കൾ ഈ ഉദ്യമവുമായി രംഗത്തെത്തിയത്. പിന്നീട് ഇതിന് പിന്തുണയറിയിച്ച ജനമൈത്രി പൊലീസ്, പൊലീസ് ഡോർമെട്രിയോട് ചേർന്നുള്ള സ്ഥലവും പദ്ധതിക്കായി വിട്ടു നൽകി.
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെയാണ് അക്ഷയപാത്രം കൗണ്ടർ പ്രവർത്തിക്കുക. കൗണ്ടറിനോട് ചേർന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. എന്നാൽ മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണം നൽകില്ല. ഒരാൾക്ക് ഒരു പൊതിച്ചോറ് എന്ന നിലയിൽ ഇവിടെ വിശന്നെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് പദ്ധതി നടത്തിപ്പുകാരുടെ പ്രതീക്ഷ.