കോഴിക്കോട്: പൂക്കാട് ജമാഅത്ത് പള്ളിക്കമ്മിറ്റി സെക്രട്ടറി കുനിയിൽ ഹംസയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കെയിലിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ രക്ഷാധികാരി കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയാണ്. സത്യനാഥൻ മാടഞ്ചേരിയാണ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ.
വാർത്ത പുറത്തുകൊണ്ടുവന്നത് ഇടിവി ഭാരത്: പൂക്കാട് മുഹ്-യിദ്ധീൻ ജമാഅത്ത് പള്ളി സെക്രട്ടറിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത ആദ്യം അന്വേഷിച്ചത് ഇടിവി ഭാരതാണ്. ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ബന്ധുക്കളും നാട്ടുകാരും ആദ്യമായി വെളിപ്പെടുത്തിയതും ഇടിവി ഭാരതിനോടാണ്. ഇതിന് പിന്നാലെയാണ് ( 12-10-22) ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
പൊലീസില്‍ പരാതി: പള്ളിക്കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് സാലിഹ് കൺവീനറും വി വേണുഗോപാലൻ ജോയിന്‍റ് കൺവീനറുമായ ഇരുപത് അംഗ ആക്ഷൻ കമ്മിറ്റിക്കാണ് രൂപം നൽകിയത്. അടുത്ത ദിവസം തന്നെ പൊലീസിൽ വിശദമായ പരാതി നൽകാനാണ് കമ്മിറ്റി തീരുമാനം. സർവകക്ഷി യോഗത്തിന് പിന്നാലെയാണ് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. ഹംസയുടെ മരണത്തിൽ എല്ലാവരെയും പ്രയാസപ്പെടുത്തുന്ന എന്തോ ഒരു വിഷയമുണ്ടെന്നും അത് പുറത്ത് കൊണ്ടുവരുന്നതു വരെ കൂടെയുണ്ടാകുമെന്നും എംഎൽഎ ഉറപ്പ് നൽകി.
വാർത്തയ്ക്ക് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ചും : ഇടിവി ഭാരതിന്‍റെ വാർത്ത പുറത്ത് വന്നതോടെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പൂക്കാട് സ്വദേശിയായ കുനിയിൽ ഹംസ (56) ഒക്ടോബർ 8 നാണ് ജീവനൊടുക്കിയത്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു.
മുഹ്‌യിദ്ധീൻ ജമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറിയായിരുന്ന ഹംസ പള്ളിപ്പറമ്പിന് തൊട്ടടുത്ത് വാടക സാധനങ്ങൾ നൽകുന്ന ഫ്രണ്ട്‌സ് ഹയർ ഗുഡ്‌സ് നടത്തിവരികയായിരുന്നു. ഹംസയെ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.