കോഴിക്കോട്: ചെന്നൈ എക്സ്‌പ്രസിൽ ട്രെയിനിൽ വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റണേറ്റർ എന്നിവയാണ് കോഴിക്കോട് വെച്ച് പിടികൂടിയത്. പാലക്കാട് നിന്നുള്ള ആർപിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ ട്രെയിനിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവണ്ണാമല സ്വദേശിനിയായ രമണി എന്ന യാത്രക്കാരിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി വൺ ബോഗിയിൽ യാത്ര ചെയ്ത സ്ത്രീ കാഡ്പാടിയിൽ നിന്ന് തലശ്ശേരിയ്ക്കാണ് ടിക്കറ്റെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കിണറുപണിക്കാണ് സ്ഫോടക വസ്തുക്കള്‍ കരുതിയത് എന്നാണ് ഇവർ പൊലീസിന് നല്‍കിയ മൊഴി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.