കോഴിക്കോട് : ജലവിതരണത്തിന് പ്രത്യേക വകുപ്പും മന്ത്രിയുമൊക്കെയുള്ള നാട്ടില്‍ കാവടി (കാവിണ്ടം) കെട്ടി കടകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന 71കാരനുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ കൗതുകവും വിസ്‌മയവും നിറഞ്ഞിരിപ്പുണ്ട്. എഴുപത്തിയൊന്നാം വയസിലും യുവത്വത്തിന്‍റെ ചുറുചുറുക്കോടെ മാവൂരിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ശുദ്ധജലം എത്തിക്കുകയാണ് മുഹമ്മദ്.
മാവൂര്‍ അരയങ്കോട് ആലുംകണ്ടി മുഹമ്മദ് ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. മാവൂരിലെ ഗ്വാളിയോര്‍ റെയോണ്‍സ് ഫാക്‌ടറിയുടെ പ്രതാപ കാലത്താണ് മുഹമ്മദ് കുടിവെള്ള വിതരണം ആരംഭിച്ചത്. ഇന്ന് എല്ലാ കടകളിലും സ്വന്തം വാട്ടര്‍കണക്ഷനും ആവശ്യത്തിലധികം വെള്ളവുമുണ്ട്. എങ്കിലും എഴുപത് കഴിഞ്ഞ മുഹമ്മദ് ഇന്നും ഓരോ കടകളിലേക്കും വെള്ളം ചുമന്ന് എത്തിക്കുന്നു. മുളവടിയുടെ രണ്ടറ്റങ്ങളില്‍ കയറിൽ കെട്ടിത്തൂക്കിയ തപ്പുകളിൽ ആണ് വെള്ളം നിറച്ച് ഓരോ കടകളിലും കാല്‍നടയായി കയറിയിറങ്ങി ആവശ്യാനുസരണം നൽകുന്നത്.
നാട്ടുകാരുടെ പ്രിയങ്കരനായ മുഹമ്മദ് : മാവൂരിലെത്തുന്ന ഏതൊരാൾക്കും കൗതുക കാഴ്‌ചയാണ് കാവിണ്ടം തോളിലേറ്റി വെള്ളമെത്തിക്കുന്ന മുഹമ്മദ്. ഇപ്പോൾ 47 വർഷമായി ഈ ജോലി ചെയ്യുന്നു. കാവടിക്കൊട്ട തോളിൽ ഏറ്റിയുള്ള ഈ ശുദ്ധജല വിതരണം തന്നെ ഇനിയും തുടരണമെന്നാണ് മുഹമ്മദിന്‍റെ ആഗ്രഹം.
മാവൂരിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ഇതുപോലെ വെള്ളം എത്തിക്കുന്നതിന് ആദ്യ കാലത്ത് എട്ടും പത്തും പേരുണ്ടായിരുന്നു. രാപ്പകൽ വ്യത്യാസം ഇല്ലാതെ ഷിഫ്റ്റ് അടിസ്ഥാനത്തിലെ ജോലിയായിരുന്നു അന്നൊക്കെ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ മുഹമ്മദ് മാത്രമാണ് ഈ ജോലി തുടരുന്നത്.
മാവൂരിലെ പൊതുകിണറുകളിൽ നിന്നാണ് വെള്ളം മുക്കിയെടുത്ത് ഹോട്ടലുകളിലും കൂൾബാറുകളിലും എത്തിക്കുന്നത്. എല്ലാ കടകളിലും പൈപ്പ് ലൈൻ സംവിധാനത്തിൽ വെള്ളം എത്തുന്നുണ്ടെങ്കിലും അദ്ദേഹത്തോടുള്ള സ്നേഹം കാരണമാണ് മിക്കവരും മുഹമ്മദിന്‍റെ ശുദ്ധജല വിതരണത്തെ തന്നെ ഇന്നും ആശ്രയിക്കുന്നത്. മുഹമ്മദ് അത്രമേല്‍ നാട്ടുകാർക്ക് പ്രിയങ്കരനാണ്.
ചെറുപ്പക്കാർ പോലും മടിക്കുന്ന കാര്യമാണിതെന്ന് ഹോട്ടൽ ഉടമകളും കച്ചവടക്കാരുമൊക്കെ പറയുന്നു. കഴിയുന്ന കാലത്തോളം, ഈ ജോലി തുടരണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. അതിനുള്ള പിന്തുണ കാലം ഏറെ പുരോഗമിച്ചിട്ടും മാവൂരിലെ ജനങ്ങൾ മുഹമ്മദിന് നൽകുന്നുമുണ്ട്.