കോഴിക്കോട് : വീഴ്‌ചകള്‍ പതിവായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി 20 വാച്ച്മാന്‍ തസ്‌തികകള്‍ സൃഷ്‌ടിച്ച് ഉത്തരവായി. നടപടി ക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്‌പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്‌തികകള്‍ അടുത്തിടെ സൃഷ്‌ടിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു കൊലക്കേസ് പ്രതി രക്ഷപ്പെട്ടത്. ഇത്തരത്തില്‍ ജീവനക്കാരുടെ കുറവ് മൂലം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് നടപടി.