കോഴിക്കോട് : ജില്ലയില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. പിതാവും അയല്‍വാസികളുമടക്കം 17 പേർ നിരീക്ഷണത്തിലാണ്. ഇതിൽ പ്രാഥമിക സമ്പർക്കത്തിലുള്ള അഞ്ച് പേർ പ്രത്യേക നിരീക്ഷണത്തിലാണ്.
ചികിത്സയിലിരിക്കെ 12 കാരനെ പരിചരിച്ച അടുത്ത ബന്ധുക്കളാണിവർ. ഇവര്‍ക്ക് നിലവില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ല. കുട്ടിയെ നേരത്തെ ചികിത്സിച്ച മുക്കത്തെ സ്വകാര്യ ആശുപത്രിയിലെയും പിന്നീട് പ്രവേശിപ്പിച്ച മെഡിക്കൽ കോളജിലെയും ആരോഗ്യ പ്രവർത്തകരുടെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കി.
ALSO READ: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു
ആരോഗ്യ വകുപ്പും പഞ്ചായത്തും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണം. വിഷയം വളരെ ഗൗരവമുള്ളതാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഒളിക്കൽ ഗഫൂർ പറഞ്ഞു.
അതേസമയം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ഒമ്പതാം വാർഡായ മുന്നൂര് പൂര്‍ണമായും അടച്ചു. സമീപ പ്രദേശങ്ങളായ 8,10,11 വാർഡുകളിലും നിയന്ത്രണമേര്‍പ്പെടുത്തി.
കുട്ടി ആടിനെ മേയ്‌ക്കാന്‍ പോകാറുണ്ടായിരുന്നുവെന്നും ഈ പ്രദേശത്ത് വവ്വാലുകള്‍ കൂടുതല്‍ കാണപ്പെടാറുണ്ടെന്നുമാണ് വിവരം. ഇവിടുന്ന് പറങ്കിമാങ്ങ കഴിച്ചതാവാം രോഗം പിടിപെടാന്‍ ഇടയാക്കിയതെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.