കോഴിക്കോട്: സൗജന്യ 108 ആംബുലൻസ് ഇനി മുക്കത്തും. വെന്റിലേറ്റർ ഒഴികെ എല്ലാ സൗകര്യവും ആംബുലൻസിൽ സജ്ജമാക്കിയിട്ടുണ്ട്. എമർജൻസി മെഡിക്കൽ ടെക്നീഷ്യനും പൈലറ്റും ആണ് ആംബുലൻസില്‍ ഉണ്ടാവുക. നിലവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷനാണ് ആംബുലൻസിന്‍റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. എന്നാൽ ഇനി മുതൽ ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും.
ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് പുതിയ സംവിധാനം ഒരുക്കുക. ആദ്യഘട്ടത്തിൽ പദ്ധതിക്കായി സംസ്ഥാനത്ത് 320 ആംബുലൻസുകൾ വാങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആംബുലൻസുകൾ "108' എന്ന നമ്പറിലൂടെ വിളിപ്പുറത്തത്തും. ഇതിന്റെ ഭാഗമായാണ് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 108 ആംബുലൻസിലെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. തികച്ചും സൗജന്യമാണ് ഇതിന്റെ സേവനം. റോഡപകടങ്ങൾക്ക് ആണ് മുൻഗണന കൊടുത്തിട്ടുള്ളത് എങ്കിലും എല്ലാത്തരം അപകടങ്ങളും ഇവർ കൈകാര്യം ചെയ്യുന്നുണ്ട്.
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പരിപാടി മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. ഷാജി, പ്രശോഭ് കുമാർ, സാലി സിബി, അബ്ദുൽ അസീസ്, ബിന്ദു രാജൻ, പ്രസി സന്തോഷ്, ബുഷ്റ, ഗിരിജ, ഉഷാകുമാരി, ഡോക്ടർമാരായ രമ്യ, സഫീനത്, മായ, ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.