കോട്ടയം: മീൻ കറിയിലെ കഷ്‌ണത്തിന് വലിപ്പം കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പൊൻകുന്നം ഇളങ്ങുളത്തെ ഹോട്ടലിലെ ജീവനക്കാരനായ മധുകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെ ആയിരുന്നു സംഭവം.
ഉച്ചയ്ക്ക് ഹോട്ടലിൽ ഊണ് കഴിക്കാനെത്തിയ സംഘം മീന്‍ കറിയിലെ കഷ്‌ണത്തിന്‍റെ വലിപ്പം കുറഞ്ഞെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. കരിങ്കല്ലു കൊണ്ടാണ് സംഘം മധുകുമാറിനെ ആക്രമിച്ചത്. സംഭവത്തില്‍ കൊല്ലം സ്വദേശികളായ പ്രദീഷ് മോഹൻദാസ് (35), സഞ്ജു എസ് (23), മഹേഷ് ലാൽ (24), അഭിഷേക് (23), അഭയ് രാജ് (23), അമൽ ജെ കുമാർ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ വീണ്ടും ഹോട്ടലിൽ കയറി വന്നാണ് മധുകുമാറിനെ ആക്രമിച്ചത്. ഹോട്ടല്‍ ഉടമയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.