കോട്ടയം: കെഎസ്‌ആര്‍ടിസി ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ടയറില്‍ കുടുങ്ങി. ഇത് കണ്ടെത്തിയ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5:30ഓടെ കോട്ടയം എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണ് സംഭവം.
ഇത്തിത്താനത്ത് സ്വകാര്യ സ്‌കൂളിലെ ബസ് ജീവനക്കാരി കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസിലെത്തിയ കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം തിരികെ പോകുകയായിരുന്നു അമ്പിളി. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് വരുന്നത് കൊണ്ട് ഓടി മാറാന്‍ ശ്രമിച്ചു.
ഇതിനിടെയാണ് കാല്‍ വഴുതി അമ്പിളി റോഡിലേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ വണ്ടി വെട്ടിച്ചുനിര്‍ത്തിയതിനാലാണ് യുവതിയുടെ തലയില്‍ വാഹനം കയറാതെ രക്ഷപ്പെട്ടത്. എന്നാല്‍ അമ്പിളിയുടെ മുടി ബസിന്‍റെ ചക്രത്തില്‍ കുടുങ്ങിയിരുന്നു.
ഇത് കണ്ടെത്തിയ സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്‌ണന്‍ കത്തി കൊണ്ട് മുടി മുറിച്ച ശേഷമാണ് അമ്പിളിയെ പുറത്തെടുത്തത്. തലയിലുണ്ടായ ചെറിയ മുറിവുകള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പരിക്കുകളൊന്നും അമ്പിളിക്ക് സംഭവിച്ചിട്ടില്ല.