കോട്ടയം: കോടിമതയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയതാണെന്നാണ് സൂചന. എന്നാൽ, പൊള്ളലേറ്റ യുവതിയുടെ വിശദാംശങ്ങൾ അടക്കമുള്ളവ പൊലീസിന് ലഭിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കോടിമതയിലെ പമ്പിൽ നിന്നും പെട്രോള്‍ വാങ്ങിയ ശേഷമാണ് യുവതി കൊണ്ടോടി വർക്ക്‌ഷോപ്പിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് എത്തിയത്. ഇവിടെ എത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം ആദ്യം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചിങ്ങവനത്ത് നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.