കോട്ടയം: ജില്ലയില്‍ അതിശക്തമായ മഴയ്‌ക്ക് ശമനം. പ്രളയ ഭീതിയൊഴിഞ്ഞെങ്കിലും കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ കോട്ടയം-തിരുവാതുക്കൽ, ഇല്ലിക്കൽ തിരുവാർപ്പ് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൈക്കം, കുമരകം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.
നേരിയ തോതില്‍ വെള്ളമിറങ്ങി തുടങ്ങിയെങ്കിലും പാലായിൽ നിന്നടക്കം വെള്ളമെത്തിയാൽ മേഖലയിൽ ഇനിയും വെള്ളം ഉയരാനാണ് സാധ്യത. എന്നാല്‍ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് പോകാൻ പലരും തയ്യാറായിട്ടില്ല. വീടുകളുടെ രണ്ടാം നിലയിലും ബന്ധുവീടുകളിലുമായാണ് ആളുകള്‍ താമസിക്കുന്നത്. അതേസമയം 2018 ലെ പ്രളയത്തെക്കൾ വെള്ളം പടിഞ്ഞാറൻ മേഖലയിൽ നിലവിൽ ഒഴുകി എത്തിയിട്ടുണ്ടന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടം കാര്യക്ഷമമല്ലെന്നും ഇവർ ആരോപിച്ചു. കോട്ടയം ജില്ലയിൽ 5,626 പേരാണ് നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നത്. കുറവിലങ്ങാട് സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിനെ തുടർന്ന് 1,500 ടൺ അരി നീക്കം ചെയ്‌തു.