കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. കേസിൽ നാളെ ശിക്ഷ വിധിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 24 കേസുകളിൽ ഒന്നിലാണ് ഇന്ന് വിധി പറഞ്ഞത്. പെൺകുട്ടിയെ തടവിൽ പാർപ്പിച്ചു, ആളുകൾക്ക് കൈമാറി, വേശ്യാലയം നടത്തി എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്നത് സുരേഷാണ്. വിവിധ കേന്ദ്രങ്ങളിൽ തടവിൽ പാർപ്പിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തടവിൽ പാർപ്പിച്ചതും, ബലാത്സംഗത്തിന് പ്രേരിപ്പിച്ചതും അടക്കമുള്ള കുറ്റങ്ങൾ സുരേഷിന്‍റെ മേൽ ചുമത്തിയിട്ടുണ്ട്. സുരേഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. ആദ്യഘട്ട വിചാരണ നടന്നപ്പോൾ സുരേഷ് ഒളിവിലായിരുന്നു. തുടർന്ന് പ്രത്യേക വിചാരണ ആരംഭിച്ചെങ്കിലും വീണ്ടും ഒളിവിൽ പോയി. അതിനുശേഷം പൊലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് ഹാജരാക്കി. സൂര്യനെല്ലി സ്പെഷ്യൽസ് കോടതി ജഡ്ജ് ടി. ജോൺസൺ ആണ് നാളെ കേസിലെ നിർണായക വിധി പറയുന്നത്. നേരത്തെ ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.