കോട്ടയം: അന്താരാഷ്ട്ര വനദിനാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2021ലെ ജില്ലാ തല വനമിത്ര പുരസ്‌കാരം മഹാത്മാഗാന്ധി സർവകലാശാലക്ക്. മാർച്ച് 31ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും.
വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ജൈവ വൈവിധ്യ സംരക്ഷണത്തിനും എടുത്തിട്ടുള്ള നടപടികൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി സർവകലാശാലയെ തെരഞ്ഞെടുത്തിട്ടുള്ളത്. ഫലകവും സർട്ടിഫിക്കറ്റും 2,500 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ., തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Also Read: ആധുനിക കാലത്തിന് അനുയോജ്യമായ പാഠ്യപദ്ധതി നടപ്പാക്കും : വി ശിവന്‍കുട്ടി