കോട്ടയം: വെളിയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പുതിയ മന്ദിരം പണിത കരാറുകാരന്‍ കരാര്‍ പ്രകാരമുള്ള തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയുമായി ബാങ്കിലെത്തി. കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി കരാറെടുത്തിരുന്ന ജോര്‍ജ്ജാണ് ബാങ്കില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ആറുമാസം മുന്‍പാണ് ബാങ്ക് കെട്ടടത്തിന്‍റെ പണി തീര്‍ന്നത്. 35 ലക്ഷത്തോളം രൂപ നിര്‍മാണ ഇനത്തില്‍ ബാങ്ക് കരാറുകാരന് നൽകാനുണ്ട്. ഇന്ന് നാലുണിക്ക് മുന്‍പ് പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ജോർജ്ജ് നേരത്തെ ബാങ്ക് ഭാരവാഹികളെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കരാറുകാരന്‍ താന്‍ ബാങ്കില്‍ എത്തി ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പൊലീസിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസ് മുമ്പേ എത്തി കാത്തു നില്‍ക്കുകയായിരുന്നു. കയ്യില്‍ കയറുമായി എത്തിയ ജോര്‍ജ്ജിന്‍റെ കൈയില്‍ നിന്നും പൊലീസ് കയര്‍ ബലമായി പിടിച്ചു വാങ്ങി. ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു.
ബാങ്ക് മന്ദിര നിര്‍മ്മാണത്തില്‍ ഉപകരാര്‍ എടുത്തിരുന്നവരും എത്തിയിരുന്നു. തുടര്‍ന്ന ഇവര്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ പണം കൈമാറാമെന്ന ബാങ്ക് സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്നാണ് കരാറുകാര്‍ പിരിഞ്ഞ് പോയത്. അതേസമയം കരാറുകാരന്‍ ആത്മഹത്യാ ഭീഷണിയുമായി ബാങ്കില്‍ എത്തിയെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബാങ്കിന് മുന്നില്‍ ആളുകളും തടിച്ചുകൂടിയിരുന്നു.