കോട്ടയം: ലോകത്തിലെ മികച്ച സർവകലാശാലകളുടെ മുൻനിരയിൽ കേരളത്തിലെ സർവകലാശാലകൾ സ്ഥാനം പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് ഇനി സർക്കാരിന്‍റെ ലക്ഷ്യം. കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് വലിയ പുരോഗതി ഈ രംഗത്ത് കൊണ്ടു വരേണ്ടതുണ്ട്. കേരളത്തിലെ കുട്ടികളിൽ നല്ലൊരുഭാഗവും സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും പഠിക്കുന്നവരാണ്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ഇത്തരം കോഴ്‌സുകൾ നമ്മുടെ സംസ്ഥാനത്തും തുടങ്ങണം. ആവശ്യമായ ഏത് മികച്ച പഠന വിഭാഗങ്ങളും നമ്മുടെ സംസ്ഥാനത്ത് തന്നെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലെന്ന ശൈലിക്കും പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയത്ത് എംജി സർവകലാശാല സംഘടിപ്പിച്ച സിഎം @ ക്യാംപസ് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിച്ചത്. നവകേരളം യുവകേരളം, ഉന്നത വിദ്യാഭ്യസത്തിന്‍റെ ഭാവി എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നിർദേശങ്ങൾ പങ്കുവച്ചു.
വീണ ജോർജ് എംഎൽഎ പരിപാടിയിൽ അവതാരകയായി. വൈസ് ചാൻസലർ ഡോ. പ്രൊഫ. സാബു തോമസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. പികെ ധർമ്മരാജൻ എന്നിവരും പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടി.