കോട്ടയം: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ സമാപനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഭര്‍ത്താവും തള്ളിക്കയറി മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫ്. മുന്‍കൂട്ടി അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയെയും കൂട്ടി അവരുടെ ഭര്‍ത്താവ് എത്തുകയായിരുന്നു.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ആക്രമിച്ചിട്ടില്ല. സ്ഥാനാര്‍ഥിക്ക് അവരുടെ ഭര്‍ത്താവിന്‍റെ കൈകൊണ്ടാണ് പരിക്കേറ്റത്. പരാജയ ഭീതിയെ തുടര്‍ന്ന് യുഡിഎഫ് കരുതിക്കൂട്ടി നടത്തിയ നാടകമായിരുന്നു അരങ്ങേറിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ആരോപിച്ചു. യുഡിഎഫിന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വി എന്‍ വാസവന്‍ അറിയിച്ചു.