കോട്ടയം: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന രണ്ട് പേർ പിടിയിൽ. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി സ്വദേശി സുധീഷ് (38), തിരുവല്ല തുകലശേരി സ്വദേശി ശരത് ശശി (34) എന്നിവരാണ് കാഞ്ഞിരപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. പ്രതികൾ മാസങ്ങളായി ജില്ലയിലെ ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ആളില്ലാത്ത വീടുകളിൽ മോഷണം നടക്കുന്നതിന്‍റെ പരാതികൾ വ്യാപകമായതോടെ ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് മോട്ടോർ സൈക്കിളിൽ വരികയായിരുന്ന പ്രതികളെ കാഞ്ഞിരപ്പള്ളിയിൽ നിന്നും പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കതിരെ നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞു.
മോഷണക്കേസിൽ ജയിലിലായിരുന്ന പ്രതികൾ മാസങ്ങൾക്കു മുൻപ് ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്ന് ജില്ലയിൽ മോട്ടോർ സൈക്കിളിൽ കറങ്ങി നടന്നാണ് മോഷണം നടത്തയിരുന്നത്. നേരത്തെ കണ്ടു വെക്കുന്ന വീടുകളിൽ വൈകിട്ട് ആറു മണിയ്ക്കും പത്തിനും ഇടക്ക് എത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു പതിവ്.
Also read: മൊബൈൽ ഫോണിൽ സംസാരിച്ചതിന് പെൺകുട്ടികളെ ക്രൂരമായി മർദിച്ചു