കോട്ടയം/എറണാകുളം/പത്തനംതിട്ട : സംസ്ഥാനത്ത് കൊവിഡ് 19 ഭീതി തുടരുന്നതിനിടെ കോട്ടയത്തും പത്തനംതിട്ടയിലും നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം പുറത്ത് വന്നു. കോട്ടയത്തെ മൂന്ന് പേരുടെയും പത്തനംതിട്ടയിലെ അഞ്ച് പേരുടെയും ഫലം നെഗറ്റീവാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഐസോലേഷൻ വാർഡില്‍ കഴിയുന്ന ഇവർ ആദ്യം രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാർക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ്. പരിശോധന ഫലം നെഗറ്റീവായതോടെ ഇവരില്‍ രണ്ട് പേരെ വീടുകളിലേക്ക് മാറ്റി നിരീക്ഷണം തുടരാൻ തീരുമാനിച്ചു. പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ ഫലമാണ് നെഗറ്റീവ്. ഇനി ജില്ലയില്‍ നിന്ന് അയച്ച രണ്ട് ഫലങ്ങൾ കൂടി വരാനുണ്ട്.
അതേസമയം, കൊവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഇറ്റലിയിൽ നിന്നുമെത്തിയവർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നല്‍കി. മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശത്തോടെയാണ് വീടുകളിൽ തുടരാൻ അനുവദിച്ചത്. എല്ലാവരിൽ നിന്നും സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക ആംബുലൻസിൽ ഇവരെ വീടുകളിൽ എത്തിക്കും.
ജില്ലയില്‍ ഇന്ന് പുതിയതായി 56 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ല. പുതിയതായി 8 പേരെയാണ് കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഐസൊലേഷൻ വാർഡിൽ നിന്ന് 6 പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്തു. നിലവിൽ 24 പേർ ഇവിടെ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആകെ 417 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ എൻഐവിയിലേക്ക് പരിശോധനക്കായി ഇന്ന് 84 സാമ്പിളുകളാണ് അയച്ചത്.