കോട്ടയം: നിരോധിത തീവ്രവാദ സംഘടന 'അല്‍ ഉമ'യുടെ നേതാവ് ഭായി റഫീഖ് എന്ന തൊപ്പി റഫീഖ് അറസ്റ്റില്‍. കോട്ടയത്ത് നിന്നും റിട്ട. എസ്.ഐയുടെ ഇന്നോവാ കാര്‍ കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് നൂറു കണക്കിന് ആഢംബര വാഹനങ്ങളാണ് ഇയാള്‍ കടത്തിയത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ട കേസിലും ഇയാള്‍ പ്രതിയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് കണ്ടെത്താനാണ് വാഹന കടത്ത് ആരംഭിച്ചത്. കടത്തികൊണ്ട് വരുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിച്ച് എഞ്ചിന്‍നമ്പറും രജിസ്ട്രേഷന്‍ നമ്പറും മാറ്റി പൊളിച്ച് മാറ്റുകയാണ് പതിവ്.
കേസില്‍ തൃശൂര്‍ കാണക്കുളം സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്‍റെ നിർദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇയാൾക്കെതിരെ പ്രധാനമന്ത്രിക്കെതിരായ വധഭീഷണി നടത്തിയതിനും മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസും നിലവിലുണ്ട്.