കോട്ടയം: അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ കോട്ടയം റെയിൽവേ സ്റ്റേഷനും മറ്റ് അനുബന്ധ പദ്ധതികളും 2021 ഡിസംബർ 31നു മുൻപ് നാടിനു സമർപ്പിക്കുമെന്ന് തോമസ് ചാഴിക്കാടൻ എം.പി. പാതയിരട്ടിപ്പിക്കൽ, റെയിൽവേ മേൽപ്പാല നിർമ്മാണം തുടങ്ങിയവ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം കവാടം പൂർത്തിയാകുന്നു
പാതയിരട്ടിപ്പിക്കലിനൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യവുമായി 2019 ഡിസംബറിലാണ് സ്റ്റേഷന്‍റെ രണ്ടാം കവാടത്തിന്‍റെ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ നാഗമ്പടം ഭാഗത്ത് ഗുഡ്‌ഷെഡ് റോഡിൽ രണ്ടാം കാവടത്തിന്‍റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ജോസ് കെ മാണി എം.പി ആയിരുന്നപ്പോൾ അനുവദിച്ച 20 കോടി രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം കവാടം പൂർത്തിയാകുമ്പോൾ പാലാ, ഏറ്റുമാനൂർ ഭാഗത്ത് നിന്നുള്ളവർക്ക് റെയിൽവേ സ്റ്റേഷന്‍റെ സൗകര്യം ഏറെ പ്രയോജനം ചെയ്യും.
പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകൾ കൂടി..
പുതിയ കവാടത്തിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ് സൗകര്യം, പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും ലിഫ്റ്റ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു. കൂടാതെ ദീർഘ ദൂര ട്രൈനുകൾക്കായി നാലാമത് ഒരു പ്ലാറ്റ്‌ഫോമും, നിലവിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് എറണാകുളം- തിരുവനന്തപുരം പോകുന്ന ലോക്കൽ ട്രെയിനുകൾക്കായി അഞ്ചാമതൊരു പ്ലാറ്റ്‌ഫോമും നിർമ്മിക്കുമെന്നും എംപി പറഞ്ഞു. നിലവിൽ എറണാകുളം മുതൽ കായംകുളം വരെയുള്ള പാത ഇരട്ടിപ്പിക്കലിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിക്കാനുള്ളത്.
ALSO READ: മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു ; രണ്ടാം തരംഗത്തില്‍ തളരാതെ കോട്ടയം
സ്റ്റേഷന്‍റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം നിർമ്മാണത്തിനിടെ കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ മുട്ടമ്പലം, പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും എം.പി സന്ദർശിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചാക്കോ ജോർജ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബാബു സക്കറിയ, ജോസ് അഗസ്റ്റിൻ, സീനിയർ സ്റ്റേഷൻ എൻജിനീയർ കെ വി ജോസ് എന്നിവരും എം.പിക്കൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.