കോട്ടയം : ചിങ്ങവനം ഏറ്റുമാനൂര്‍ റെയില്‍വേ ഇരട്ടപ്പാതയിലെ സുരക്ഷാപരിശോധനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. റെയില്‍വേ സുരക്ഷ കമ്മിഷണര്‍ അഭയ്കുമാർ റായ്യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാതയിലൂടെ മോട്ടോർ ട്രോളിയില്‍ സഞ്ചരിച്ചാണ് പരിശോധന നടത്തിയത്.
ഏറ്റുമാനൂർ പാറോലിക്കൽ ലെവൽ ക്രോസിൽ നിന്നാരംഭിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കും മുട്ടമ്പലത്തുനിന്ന് ചിങ്ങവനം സ്റ്റേഷനിലേക്കുമായാണ് പരിശോധന നടത്തിയത്. റെയിൽവേ പാലങ്ങളുടെയും, ലെവൽ ക്രോസുകളുടെയും, ഇലക്ട്രിക്കൽ പോസ്റ്റുകളുടെയും പ്രവർത്തനക്ഷമതയും സംഘം പരിശോധിച്ചു.
also read: ചിങ്ങവനം - ഏറ്റുമാനൂർ ഇരട്ട പാത: സുരക്ഷ പരിശോധന ആരംഭിച്ചു
പരിശോധന തൃപ്തികരമാണെന്നും മെയ് 28 ന് പാത തുറന്നുകൊടുക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ 2 ബോഗികളുള്ള ട്രാക്ക് റെക്കോർഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗ പരിശോധനയും തിങ്കളാഴ്‌ച വൈകുന്നേരം നടത്തും.
മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനം വരെയാണ് രണ്ടാമത്തെ വേഗ പരിശോധന നടക്കുക. മെയ് 28 ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്റ്റേഷനുകളിലേക്കുള്ള പാതയില്‍ ലിങ്ക് ഘടിപ്പിക്കും.