കോട്ടയം: ജോലിഭാരം താങ്ങാന്‍ കഴിയാത്തതിനാല്‍ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ ശ്രീജയെ (48)യാണ് വെള്ളിയാഴ്‌ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂണ്‍ ഒന്നിനാണ് കീഴൂര്‍ ജിഎല്‍പിഎസില്‍ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചെങ്കിലും കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതിനാല്‍ അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കി.
വൈക്കത്ത് മുമ്പ് ജോലി ചെയ്‌തിരുന്ന സ്‌കൂളില്‍ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിക്കാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശ്രീജയ്ക്കു മറുപടി നല്‍കി. ഇതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് രമേശ് കുമാര്‍ വൈക്കം മുന്‍സിഫ് കോടതി ജോലിക്കാരനാണ്. മകന്‍ കാര്‍ത്തിക്.